
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് മുൻ നിയമമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ. ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനുമെതിരായ കേസ് നിയമത്തിന് മുന്നില്‍ നിലനിൽക്കില്ലെന്ന് എ കെ ബാലൻ പ്രസ്താവനയില്‍ പറഞ്ഞു.
ലോ ആന്‍റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്‍റ് ഓര്‍ഡറിന്‍റെ ഭാഗമാണ്. അതാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചെയ്തത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്‍റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്. കൊലപാതകം, ബലാല്‍സംധം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കാണുമ്പോള്‍ അത് കണ്ട് നില്‍ക്കലല്ല ദൃക്സാക്ഷിയുടെ കടമ. ഇ പി ജയരാജന്‍ നടത്തിയ സന്ദർഭോചിതമായ നടപടി നിയമത്തിന് മുന്നിൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.
അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ് ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam