മുൻ മന്ത്രി പി പ്രസാദിന്‍റെ മുന്നറിയിപ്പ്, '10 വർഷം കേരളത്തിൽ കാണാത്ത ഭൂമാഫിയക്കാർ ഇറങ്ങിയിട്ടുണ്ട്', ആറന്മുള വിമാനത്താവള പദ്ധതിയിൽ പ്രതിഷേധം ഉറപ്പ്

Published : Jul 10, 2026, 08:49 PM IST
p prasad

Synopsis

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെതിരെ മുൻ മന്ത്രി പി പ്രസാദ് രംഗത്ത്. കഴിഞ്ഞ 10 വർഷമായി കാണാത്ത ഭൂമാഫിയ വീണ്ടും ഇറങ്ങിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോയാൽ സമാനതകളില്ലാത്ത ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

പത്തനംതിട്ട: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷമായി കാണാത്ത ഭൂമാഫിയക്കാർ ഇപ്പോൾ ഭരണതണലിൽ ഇറങ്ങിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവുമായി മുൻ മന്ത്രിയും സി പി ഐ നേതാവുമായ പി. പ്രസാദ്. വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ സമാനതകളില്ലാത്ത ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനവിധി കൂടെയുണ്ടെന്ന് കരുതി സർക്കാരിന് എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോന്നിയിൽ നടന്ന സി പി ഐ പൊതുയോഗത്തിൽ സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഭൂവുടമ ഡ്രോൺ സർവ്വേ നടത്തിയതും പദ്ധതി വീണ്ടും തലപൊക്കുകയും ചെയ്തതോടെയാണ് മുൻ മന്ത്രി നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും തലപൊക്കുന്നു

ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചാണ് ഭൂ ഉടമ എബ്രഹാം കലമണ്ണിൽ ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ നടത്തിയത്. ആറന്മുള എം എൽ എ അബിൻ വർക്കിയും ആന്റോ ആൻറണി ഉൾപ്പെടെ പുതിയ യു ഡി എഫ് സർക്കാർ പദ്ധതിക്ക് അനുകൂലം എന്നും കലമണ്ണിൽ അവകാശപ്പെടുന്നു. രണ്ടാംഘട്ട സർവേക്കായി കമ്പനി വീണ്ടും എത്തുമെന്നും നിലവിൽ പദ്ധതി മേഖലയിൽ തന്റെ 400 ഏക്കർ ഭൂമിയുണ്ടെന്നും അദ്ദേഹം വിവരിച്ചു. ഇനി ആയിരം ഏക്കർ കൂടി കണ്ടെത്തണം. ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാകണം പദ്ധതി യാഥാർത്ഥ്യമാക്കം. ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താനാണ് സർവ്വേ നടത്തിയത് എന്നും എബ്രഹാം കലമണ്ണിൽ വിവരിച്ചു.

2004 ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. വി എസ് സർക്കാരിന്റെ കാലത്ത് തത്വത്തിൽ അനുമതി ലഭിച്ചു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. പിന്നീട് ആറന്മുളയിൽ ഉണ്ടായത് വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. 2014 മെയ് മാസത്തിൽ ഹരിത ട്രിബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെ നടപടികൾ എല്ലാം മുടങ്ങി. ഭൂ ഉടമ എബ്രഹാം കലമണലിന്റെ കയ്യിലുള്ള ഭൂമിയടക്കം മിച്ച ഭൂമിയായും പ്രഖ്യാപിച്ചു. ഇതിന് എതിരായ കേസുകൾ ഹൈക്കോടതിയിൽ നടക്കുന്നു. ഈ മാസം 16 ന് കേസ് പരിഗണിക്കുന്നുമുണ്ട്. സർക്കാർ അംഗീകൃത ഏജൻസി എത്തിച്ച വീണ്ടും പാരിസ്ഥിതിക സർവ്വേ നടത്താനുള്ള നീക്കം റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയിൽ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് അറിവ്. അതേസമയം പദ്ധതി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഴ മുന്നറിയിപ്പിൽ മാറ്റം, 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
സുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി