Periya Murder : 'പ്രതികള്‍ക്ക് സഹായം നല്‍കി'; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി

By Web TeamFirst Published Dec 2, 2021, 12:59 PM IST
Highlights

പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസില്‍ സിബിഐ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. പ്രതിചേര്‍ത്ത 10 പേരില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു. 

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ (Periya Murder) സിപിഎം ജില്ലാ നേതൃത്വത്തിലേക്ക് സിബിഐ അന്വേഷണം കടന്നു. മുന്‍ എംഎല്‍എയും പാര്‍ട്ടി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ ( K V Kunhiraman) കേസില്‍ പ്രതി ചേര്‍ത്തു. രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെ നിലവില്‍ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍  അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സിബിഐയുടെ കണ്ടത്തല്‍. ഇതിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയിരിക്കുന്നതും. ഇന്നലെ സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി  രാജേഷ്  അടക്കം അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

കേസില്‍ ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം 10 പേര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ചുപേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരികുന്നത്. ബാക്കിയുള്ള അഞ്ചുപേരെ തല്‍ക്കാലം അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ അഭിഭാഷക അറിയിച്ചത്. തുടര്‍ന്ന് 10 പേരുടെയും വിവരങ്ങളും കൊലപാതകത്തില്‍ ഇവരുടെ പങ്കും വ്യക്തമാക്കുന്ന റിമാന്‍റ് റിപ്പോര്‍ട്ടും കൈമാറി. ഈ റിപ്പോര്‍ട്ടിലാണ് ഇരുപതാം പ്രതിയായ കുഞ്ഞിരാമനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്  കെ വി ഭാസ്കരന്‍, സിപിഎം പ്രവര്‍ത്തകരായ  ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവന് വെളുത്തോളി എന്നിവരാണ്  മറ്റ് പ്രതികള്‍. 

കൊല നടന്ന ദിവസം രാത്രി രണ്ടാം പ്രതി സജി ജോര്‍ജിനെ പക്കം എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കെ വി കുഞ്ഞിരമാന്‍ സജി ജോര്‍ജിനെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ്. അന്ന് ഓഫീസിന്‍റെ ചുമതല ഇപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയായ രാജേഷിനായിരുന്നു. രാജേഷും മറ്റു പ്രതികളും ചേര്‍ന്ന് കൊലയാളികള്‍ക്ക് ആയുധവും വാഹനങ്ങളും കൈമാറി. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും റൂട്ട് മാപ്പ് കൈമാറിയെന്നും സിബിഐ പറയുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കാക്കാനാട് ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു. കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ്  ചെയ്യുന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം എടുക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. \

2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂ‍ര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ചും സിബിഐ അന്വേഷണം ശരിവച്ചിട്ടും അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

   
click me!