'എം എം മണി പറഞ്ഞത് തമാശയല്ല'; ജീവന് ഭീഷണി, മക്കളുടെ വിവാഹം കഴിയുന്നത് വരെ കൊല്ലരുതെന്ന് എസ് രാജേന്ദ്രൻ

By Web TeamFirst Published Oct 27, 2022, 3:39 PM IST
Highlights

തന്നെ വെടിവെച്ച് കൊല്ലുമെന്നും ശരിയാക്കുമെന്നും പറയുന്നത് തള്ളിക്കളയാന്‍ കഴിയില്ല. പറഞ്ഞാല്‍ ചെയ്യുന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രീതി. പാര്‍ട്ടിയോട് എംഎം മണി അനുവാദം ചോദിച്ചിരിക്കുകയാണ്. മരിക്കുന്നതില്‍ ഭയമില്ല.

ഇടുക്കി: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടി അനുവദിച്ചാൽ വെടി വയ്ക്കുമെന്നുള്ള എം എം മണിയുടെ പ്രസ്താവന തമാശ അല്ല. പക്ഷേ മരിക്കാന്‍ പേടിയില്ലെന്നും രാജേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എം എം മണിക്കെതിരെയും പാര്‍ട്ടി നേത്യത്വത്തിനെതിരെയും തുറന്നടിച്ചാണ് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത് വന്നത്. യൂണിയന്‍ പ്രതിനിധി സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും എം എം മണി നടത്തുന്ന പ്രസ്താവനകള്‍ ഭീഷണിയുടെ സ്വരമുള്ളതാണ്.

തന്നെ വെടിവെച്ച് കൊല്ലുമെന്നും ശരിയാക്കുമെന്നും പറയുന്നത് തള്ളിക്കളയാന്‍ കഴിയില്ല. പറഞ്ഞാല്‍ ചെയ്യുന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രീതി. പാര്‍ട്ടിയോട് എംഎം മണി അനുവാദം ചോദിച്ചിരിക്കുകയാണ്. മരിക്കുന്നതില്‍ ഭയമില്ല. മക്കളെ വിവാഹം കഴിച്ചുകൊടുക്കാന്‍ നാലുവര്‍ഷം വേണം. അതുവരെ തന്നെ കൊല്ലരുതെന്നും അദ്ദേഹം മൂന്നാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ വി ശശി നല്‍കുന്ന വേദാന്തത്തിലൂടെയാണ് എം എം മണി പോകുന്നത്.

അതുകൊണ്ട് ആദ്യഘട്ടമെന്ന നിലയില്‍ ഇരുവരും നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കും. പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ലെങ്കിലും ഇരുവര്‍ക്കുമെതിരെ പൊലീസിനെയും ഹൈക്കോടതിയേയും സമീപിക്കും. ഇപ്പോള്‍ പാര്‍ട്ടിയുടെ അറിവോടെ ബാങ്ക് വാങ്ങിയ കെട്ടിടം നിയമപ്രശ്നം ഉള്ളതാണ്. അത് പൊളിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ ഹൈഡൽ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.

ഹൈഡൽ പദ്ധതിയിൽ നിയമലംഘനം നടന്നതുകൊണ്ടാണ് ഹൈക്കോടതി പദ്ധതി തടഞ്ഞത് പരാതിയുമായി കോടതിയെ സമീപിച്ചത് കോൺഗ്രസുകാരാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. 15 കൊല്ലം എംഎൽഎയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ രാജയെ തോൽപ്പിക്കാൻ  ശ്രമിച്ചെന്ന ആരോപണം എം എം മണിയുയര്‍ത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം എം മണി ശ്രമിച്ചതോടെ, മണിക്കെതിരെ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ പ്രസ്താവന ഇറക്കി. ജില്ലയിലെ മുതിർന്ന നേതാവിനെതിരെ ശബ്‍ദിക്കാന്‍ രാജേന്ദ്രൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തുകയായിരുന്നു. 

'ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു', ആരോപണവുമായി എസ് രാജേന്ദ്രന്‍

click me!