ജപ്തി നോട്ടീസ്; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

By Web TeamFirst Published Jul 22, 2021, 10:10 AM IST
Highlights

ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന ഇയാള്‍ക്ക് ഇന്നലെ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. 

തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കി. കരുവന്നൂർ തേലപ്പള്ളി സ്വദേശി ടി കെ മുകുന്ദനാണ് മരിച്ചത്. വായ്പയും പലിശയും ഉൾപ്പടെ 80 ലക്ഷത്തോളം രൂപ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടത്തുമെന്നായതോടെ ആണ് മുകുന്ദൻ ജീവനൊടുക്കിയത്. രാവിലെ ആറ് മണിയോടെ മുകുന്ദനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. പതിനാറ് സെന്റ് സ്ഥലവും വീടും ഈടുവച്ച് രണ്ട് തവണയായി 30 ലക്ഷം രൂപ മുകുന്ദൻ വായ്‌പ എടുത്തിരുന്നു. പലിശയും കൂട്ടു പലിശയും ചേർത്ത് 80 ലക്ഷം രൂപയുടെ ബാധ്യത മുകുന്ദനുണ്ടായി. 

സഹോദരങ്ങളുടെ പറമ്പു വിറ്റ് വായ്‌പ അടക്കാൻ ശ്രമിച്ചെങ്കിലും ബാങ്ക് അധികൃതർ സഹകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. വീടും സ്ഥലവും സ്വന്തമാക്കുന്നതിൽ ആയിരുന്നു ബാങ്കിന് താല്‍പ്പര്യം. അധികൃതർ അടിക്കടി വീട്ടിൽ എത്തിയതോടെ മുകുന്ദൻ മാനസികമായി തളർന്നു. വായ്പയുടെ പേരിൽ ബാങ്കുമായി മുകുന്ദൻ നിരന്തര സംഘർഷത്തിലയിരുന്നു. വായ്‌പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്‌പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. പണം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായി കൊവിഡ് കാലത്തും ജപ്തി നടപടികൾ തുടരുകയാണ്. ഇത് നിർത്തി വെക്കണം എന്നാണ് നിക്ഷേപകരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!