സർക്കാർ ഓർഡിനൻസ് തൊഴിൽരഹിതനാക്കി; നിരാഹാരസമരത്തിനൊരുങ്ങി കാലിക്കറ്റ് സർവകലാശാലയിലെ മുൻ രജിസ്ട്രാർ

By Web TeamFirst Published Feb 17, 2020, 9:58 AM IST
Highlights

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ എന്ന ഉന്നത പദവിയില്‍ അഞ്ചര വര്‍ഷം ജോലി ചെയ്ത ഡോ. അബ്ദുള്‍ മജീദിനെ 48ആം വയസില്‍ തൊഴില്‍ രഹിതനാക്കിയത് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സാണ്.

കോഴിക്കോട്: സര്‍വകലാശാലകളിലെ ഉന്നത പദവികളില്‍ നിയമനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ജീവിതം വഴിമുട്ടിയ നിലയിലാണ് കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. അബ്ദുള്‍ മജീദ്. എട്ട് വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെ രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഡോ. മജീദിന് ഇന്ന് ജോലിയോ ശമ്പളമോ ഇല്ല. പകരം ജോലി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാവാത്തതില്‍ പ്രതിഷേധിച്ച് ഡോ. മജീദ് നിരാഹാരസമരത്തിനൊരുങ്ങുകയാണ്.

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ എന്ന ഉന്നത പദവിയില്‍ അഞ്ചര വര്‍ഷം ജോലി ചെയ്ത ഡോ. അബ്ദുള്‍ മജീദിനെ 48ആം വയസില്‍ തൊഴില്‍ രഹിതനാക്കിയത് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സാണ്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ പദവികളില്‍ നാല് വര്‍ഷമോ അല്ലെങ്കില്‍ 56 വയസോ എന്ന നിലയില്‍ കാലപരിധി നിശ്ചയിച്ചായിരുന്നു ഓര്‍ഡിനന്‍സ്. 2019 മാര്‍ച്ച് ആറിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ മജീദ് ഉള്‍പ്പെടെ സംസ്ഥാനത്തെ മൂന്ന് രജിസ്ട്രാര്‍മാര്‍ക്ക് ജോലി നഷ്ടമായി.

ഇവര്‍ക്ക് മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രറായിരുന്ന ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സംസ്കൃത സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡോ. ടിപി രവീന്ദ്രന്‍ എന്നിവര്‍ മുമ്പ് ജോലി ചെയ്തിരുന്ന കോളേജുകളില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ഡോ. മജീദ് ജോലി ചെയ്തിരുന്ന മുക്കം മണാശേരിയിലെ എംഎഎംഒ കോളേജ് സര്‍ക്കാര്‍ നിര്‍ദ്ദേശം ചോദ്യം ചെയ്ത് കോടതിയില്‍ പോയതോടെ ഡോ. മജീദിന്‍റെ നിയമനം അനിശ്ചിതത്വത്തിലായി.

ഇതിനിടെ, ഡോ. മജീദിന് സര്‍വകലാശലയില്‍ തന്നെ നിയമനം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയുളള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഈ നീക്കം തടഞ്ഞു. സര്‍വകലാശാലയ്ക്ക് ഇതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ സര്‍വകലാശാലയും കൈയൊഴിഞ്ഞു.

കണ്ണൂര്‍ രജിസ്ട്രാറായിരിക്കെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോ. ബാലചന്ദ്രന്‍ കീഴോത്ത് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് ജോലിയില്‍ തിരികെയെത്തുകയും എംജി സര്‍വകലാശാല രജിസ്ട്രാറായിരുന്ന എംആര്‍ ഉണ്ണി ഉന്നതവിദ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ അദാലത്ത് നടത്തുന്നത് ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്ത് സര്‍വകലാശാല നിയമം ഭേദഗതി ചെയ്തത്.

click me!