ബിജെപിയിൽ പൊട്ടിത്തെറി, സുരേന്ദ്രനെ വിമർശിച്ച് നസീർ; പിന്നാലെ നസീറിന് സസ്പെൻഷൻ

By Web TeamFirst Published Oct 8, 2021, 1:39 PM IST
Highlights

കെ. സുരേന്ദ്രൻറെ നേതൃത്വം ഗുണകരമല്ലെന്ന് മുൻ സെക്രട്ടറി എ കെ നസീർ പരസ്യവിമർശനം ഉന്നയിച്ചു.  വാർത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കൂടുതൽ പേർ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ്.

തിരുവനന്തപുരം: പുന:സംഘടനക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ (BJP) പൊട്ടിത്തെറിയും അച്ചടക്കനടപടിയും. കെ. സുരേന്ദ്രൻറെ (K Surendran) നേതൃത്വം ഗുണകരമല്ലെന്ന് മുൻ സെക്രട്ടറി എ കെ നസീർ (A K Nazir) പരസ്യവിമർശനം ഉന്നയിച്ചു.  വാർത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കൂടുതൽ പേർ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ്.

ബിജെപിയിൽ കെ.സുരേന്ദ്രൻറെ  സമ്പൂർണ്ണ  ആധിപത്യം ഉറപ്പിച്ചതോടെയാണ് വിമർശകർ അതൃപ്തി തുറന്ന് പറഞ്ഞുതുടങ്ങുന്നത്. തെരഞ്ഞെടുപ്പിലെ വൻതോൽവിക്ക് പിന്നാലെ നേതൃമാറ്റ ആവശ്യം ഉയർന്നെങ്കിലും കേന്ദ്രം സുരേന്ദ്രനെ തുണച്ചതും എതിർപ്പ് ഉയർത്തിയവരെ പുനസംഘടനയിൽ വെട്ടിമാാറ്റിയതുമാണ് പോര് ശക്തമാക്കിയത്. ദേശീയ നിർവ്വാഹകസമിതിയിൽ നിന്നും ഒഴിവാക്കിയ ശോഭാസുരേന്ദ്രൻ കടുത്ത അതൃപ്തിയിലാണ്. സമിതിയിൽ വെറും ക്ഷണിതാവാക്കിയതിൽ കൃഷ്ണദാസിനും ഉണ്ട് പരാതി. പരസ്യപൊട്ടിത്തെറിയുടെ തുടക്കമാണ് എ കെ നസീറിൻറെ വിമർശനം.

ബിജെപി മെഡിക്കൽ കോഴ അന്വേഷിച്ച് പാർട്ടി കമ്മീഷൻ അംഗമായ നസീർ, റിപ്പോർട്ട് ചോർത്തിയവർക്ക് ഉന്നത സ്ഥാനം നൽകിയെന്ന് വിമർശിച്ചു. തൃശൂരിലെ വർ​ഗീയവാദി നേതാവിന് പ്രധാനസ്ഥാനം നൽകിയെന്നും പാർട്ടിയിലെ ന്യൂനപക്ഷനേതാക്കളെ ഒതുക്കുകയാണെന്നും നസീർ കുറ്റപ്പെടുത്തി. പാർട്ടി വിടുമെന്ന് സൂചിപ്പിച്ചുള്ള വാർത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ കെ.സുരേന്ദ്രൻ സസ്പെൻഡ് ചെയ്തു. വയനാട്ടിൽ പുതിയ ജില്ലാ പ്രസിഡണ്ടിനെ വെച്ചതിൽ പ്രതിഷേധിച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട്  കെ ബി മദൻലാലിനെയും സസ്പെൻഡ് ചെയ്തു. അതൃപ്തരായ മുതിർന്ന നേതാക്കളടക്കമുള്ളവർ പരസ്യമായി പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന സൂചനകളും ഉയരുന്നുണ്ട്. പുനസംഘടന പാർട്ടിക്ക് ഗുണകരമല്ലെന്ന് മുതിർന്ന് നേതാവ് പിപി മുകുന്ദൻ പ്രതികരിച്ചു.
 

click me!