കൊവിഡ് പട്ടിക: 7000 മരണം പുതുതായി ഉൾപ്പെടുത്തുമെന്ന് സർക്കാർ; പട്ടിക പുതുക്കുന്നത് ആക്ഷേപങ്ങൾ ശക്തമായതോടെ

By Web TeamFirst Published Oct 8, 2021, 1:25 PM IST
Highlights

രേഖകളുടെ അഭാവം കൊണ്ട് വിട്ടു പോയതാകാമെന്നും ഇത് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ (covid death) കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്ക് ഒളിപ്പിക്കുന്നുവെന്ന വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. മേനി നടിക്കാൻ മരണങ്ങൾ ഒഴിവാക്കുന്നുവെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വിമർശിച്ചിരുന്നു.

സംസ്ഥാനതലത്തിൽ നിന്നും മരണം റിപ്പോർട്ട് ചെയ്യുന്നത് ജില്ലാതലത്തിൽ ഓൺലൈനാക്കി മാറ്റിയതിന് മുൻപുള്ള 7000 മരണങ്ങളാണ് വിട്ടുപോയെന്ന് സർക്കാർ സമ്മതിക്കുന്നത്. പ്രതിപക്ഷ വിമർശനം കടുത്തതോടെയാണ് ഇവ പരിശോധിച്ചത്. സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണമുണ്ടായ 2020 മാർച്ച് മുതൽ റിപ്പോർട്ടിങ് ഓൺലൈനായ 2021 ജൂൺ വരെ 14 മാസങ്ങൾക്കുള്ളിൽ നടന്നതാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയ 7000 മരണങ്ങളും. ശരാശരി ഓരോ മാസവും 500 മരണം വീതം പുറത്തായി. മേയിലാണ് ഏറ്റവും കൂടുതൽ പട്ടികയിൽപ്പെടാതെ പോയത്.

കൊവിഡ് മരണങ്ങൾ ഒഴിവാക്കുന്നതിനോടുള്ള വിമർശനങ്ങളോട്, എല്ലാം മാർഗനിർദേശമനുസരിച്ചാണെന്നും കൃത്യമാണെന്നും പറഞ്ഞ സർക്കാർ ഇപ്പോൾ പറയുന്നത് ഒന്നും മനപ്പൂർവമായിരുന്നില്ലെന്നാണ്. രേഖകള്‍ പരിശോധിച്ചപ്പോഴാണ് പട്ടികയ്ക്ക് പുറത്തായ കൊവിഡ് മരണങ്ങളുടെ കാര്യം വ്യക്തമായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളുടെ അഭാവം കൊണ്ട് വിട്ടു പോയതാകാമെന്നും ഇത് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഒഴിവാക്കപ്പെട്ട മരണവിവരം കണക്കുകൾ സഹിതം പുറത്തുവിട്ട പ്രതിപക്ഷം ഇതേവിഷയങ്ങളിൽ വീണ്ടും നിലപാട് ശക്തമാക്കി.  വിട്ടുപോയ മരണം പ്രസിദ്ധീകരിക്കുമെന്ന് മാസങ്ങൾക്ക് മുൻപ് പറഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് എന്താണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ചോദ്യം.  സർക്കാർ ഇപ്പോൾ ഉൾപ്പെടുത്താൻ പോകുന്ന 7000ന് പുറമെ, കേന്ദ്ര മാർഗനിർദേശമനുസരിച്ച് 30 ദിവസത്തിനുള്ളിലെ മരണങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ മരണപ്പട്ടിക ഇനിയും പലമടങ്ങ് വലുതാകും. 

click me!