എല്ലാം എന്‍റെ അറിവോടെയെന്ന് ജനം കരുതി, പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു; ആന്‍റണിക്കെതിരെ അഡ്വ. കെ. ഗോപിനാഥൻ

Published : Sep 18, 2025, 05:06 PM IST
K Gopinathan against former CM AK Antony sivagiri attack

Synopsis

യാതൊരു ആലോചനയുമില്ലാതെ മുഖ്യമന്ത്രി ആന്റണി ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നു ശിവഗിരിയിലെ പൊലീസ് അതിക്രമം. ചെയ്യേണ്ടത് ചെയ്തെങ്കിൽ ആന്‍റണിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വരില്ലായിരുന്നു. തനിക്ക് പുസ്തകത്തിൽ ഇതൊന്നും എഴുതേണ്ടി വരില്ലായിരുന്നു. 

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആൻറണിക്കെതിരെ വീണ്ടും എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ. ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് എ.കെ.ആൻറണിയാണെന്നും ചെയ്യേണ്ടത് ചെയ്തെങ്കിൽ ഖേദം പ്രകടിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും ഗോപിനാഥൻ പറഞ്ഞു. എകെ ആന്‍റണിയെ വിമർശിച്ച് മുതിർന്ന കോൺ​ഗ്രസും നേതാവും ദീര്‍ഘകാലം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ഗോപിനാഥന്റെ ആത്മകഥയിൽ പരാമർശങ്ങളുണ്ടായിരുന്നു. ഇത് വിവാദമായതോടെ അന്നത്തെ സംഭവങ്ങളിൽ എകെ ആന്‍റണി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച് വിശദീകരിച്ചിരുന്നു.

കെ. ഗോപിനാഥന്റെ ആത്മകഥയിൽ വിവാദത്തിന് താനില്ലെന്ന് എകെ ആന്‍റണി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വീണ്ടും വിമർശനവുമായി ഗോപിനാഥൻ രംഗത്തെത്തിയത്. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ശിവഗിരി സംഭവവും പൊലീസ് നടപടികളും ഉണ്ടായത്. നിരവധി സന്യാസിമാര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. യാതൊരു ആലോചനയുമില്ലാതെ മുഖ്യമന്ത്രി ആന്റണി ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നു ഇതെന്നായിരുന്നു ഗോപിനാഥന്‍റെ ആത്മഥയിലെ ആരോപണം.

ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് ആന്‍റണിയാണെന്ന് ഗോപിനാഥൻ ആവർത്തിച്ചു. ഇപ്പോൾ സംഗതി പുറത്തു വന്നപ്പോൾ പല കേന്ദ്രങ്ങളും അത്ഭുതപ്പെട്ടു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പൊലീസിനെ അയച്ചതെന്ന് എകെ ആന്‍റണി ഇന്നലെ പറഞ്ഞു. ഇതിന് മുൻപ് പറഞ്ഞില്ലല്ലോ എന്നും, ക്ഷമ ചോദിച്ചില്ലല്ലോ എന്നും ഗോപിനാഥൻ പ്രതികരിച്ചു. കോടതി ഉത്തരവ് ഉണ്ടെന്ന് കരുതി ഇങ്ങനെയാണോ ചെയ്യേണ്ടത്. തന്‍റെ അറിവോടെയാണ് എല്ലാം നടന്നതെന്ന് ജനങ്ങൾ ധരിച്ചു. ചെയ്യേണ്ടത് ചെയ്തെങ്കിൽ ആന്‍റണിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വരില്ലായിരുന്നു. തനിക്ക് പുസ്തകത്തിൽ ഇതൊന്നും എഴുതേണ്ടി വരില്ലായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു തനിക്കുണ്ടായിരുന്നത്. ആന്‍റണിയ്ക്ക് യാതൊരു ആത്മാർത്ഥതയും ഇല്ലെന്നും ഗോപിനാഥൻ കുറ്റപ്പെടുത്തി.

'ഞാന്‍, എന്റെ ജീവിതം' ആത്മകഥയിൽ ആന്‍റണിക്കെതിരെ വിമർശനം 

ആന്റണി അധികാരമോഹിയും ഒറ്റുകാരനുമാണെന്ന് 'ഞാന്‍, എന്റെ ജീവിതം' എന്ന ആത്മകഥയിൽ ഗോപിനാഥൻ പറയുന്നു. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ചതിയനാണ് ആന്റണി. അധികാരത്തോട് വിരക്തിയുള്ള ആൾ എന്ന പരിവേഷം കൊണ്ടുനടക്കുമ്പോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണ കോണ്‍ഗ്രസുകാര്‍ക്കു ഒന്നു ചെയ്തിട്ടുമില്ല. രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണിയെന്നും 'എ കെ ആന്റണിയുടെ ചതി' എന്ന അധ്യായത്തില്‍ ഗോപിനാഥൻ വിമർശിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും