
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തൽ. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോൺസർഷിപ്പ് വാഗ്ദാനവുമായി ബാംഗ്ലൂർ സ്വദേശി എത്തിയെന്നാണ് ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ കെ ജയരാജ് വെളിപ്പെടുത്തിയത്. ദേവസ്വം വിജിലൻസിന്റെ ഇടപെടലിലൂടെ തട്ടിപ്പാണെന്ന് മനസ്സിലായതോടെ ബോർഡ് അധികൃതർ പദ്ധതിയിൽ നിന്ന് പിൻമാറിയെന്നും എസ്പി ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലൂടെ വെളിപ്പെടുത്തി.
ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപ്പിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞതിന്റെ വെളിപ്പെടുത്തലാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിജിലൻസ് ഓഫീസറായിരുന്ന ആർ കെ ജയരാജ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലൂടെ നടത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. 2019-20 കാലയളവിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായിൽ 100 കോടി രൂപയുടെ പദ്ധതിയുമായി
ബാംഗ്ലൂർ സ്വദേശിയായ ഗണശ്രാവൺ എന്നയാൾ എത്തി. വലിയ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തത്. മുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ എത്തിയത്. അന്വേഷണത്തില്‍ ഇയാൾ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെ ബോർഡിൽ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പദ്ധതി വേണ്ടെന്ന് വെച്ചതെന്നും മുൻ എസ്പി ആർ കെ ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വെളിപ്പെടുത്തി.
ഇയാൾക്ക് ക്ഷേത്രത്തിൽ വലിയ സ്വാതന്ത്ര്യം നൽകിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 6 മാസത്തോളം അവിടെ തുടർന്നു. എന്നാൽ അന്വേഷണത്തിൽ വാഗ്ദാനങ്ങളെല്ലാം കള്ളമാണെന്ന് വെളിപ്പെട്ടു. ആന്ധ്രയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളുടെ പേരിൽ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും വ്യവസായി നൽകിയ വിലാസവും ആസ്തിയുമുൾപ്പടെ വ്യാജമാണെന്ന തിരിച്ചറിവ് പിന്നാലെയാണ് പദ്ധതി ഒഴിവാക്കിയതെന്നും ആർ കെ ജയരാജ് വെളിപ്പെടുത്തി. സ്പോൺസർക്ക് കൃത്യമായ പദ്ധതി നൽകാൻ കഴിയാത്തത് കൊണ്ട് അന്ന് തന്നെ പദ്ധതി ഉപേക്ഷിച്ചതായി ചോറ്റാനിക്കര ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam