രതികുമാർ സിപിഎമ്മിൽ, 'വേണുഗോപാലും കൊടിക്കുന്നിലും കോൺഗ്രസിനെ ബിജെപിയിലെത്തിക്കുന്നുവെന്ന് വിമർശനം

By Web TeamFirst Published Sep 15, 2021, 5:37 PM IST
Highlights

'കോൺഗ്രസിൽ ജനാധിപത്യവും മതേതരത്വവുമില്ല. പാർട്ടി ഒരു കോക്കസിന്റെ കൈയ്യിലാണ്. ഇന്ന് രാവിലെ രണ്ട് മണിക്കൂർ കെപിസിസി പ്രസിഡന്റിനെ കാത്ത് നിന്നു. എന്നിട്ടും കാണാൻ കഴിഞ്ഞില്ല'.

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന കെപിസിസി  ജനറൽ സെക്രട്ടറി ജി രതികുമാർ. കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചേർന്ന് പാർട്ടിയെ ബിജെപിയിലേക്ക് കൊണ്ട് പോകുകയാണെന്ന് രതികുമാർ ആരോപിച്ചു. കോൺഗ്രസിൽ ജനാധിപത്യവും മതേതരത്വവുമില്ല. പാർട്ടി ഒരു കോക്കസിന്റെ കൈയ്യിലാണ്. ഇന്ന് രാവിലെ രണ്ട് മണിക്കൂർ കെപിസിസി പ്രസിഡന്റിനെ കാത്ത് നിന്നു. എന്നിട്ടും കാണാൻ കഴിഞ്ഞില്ല. ഇതോടെ തന്റെ രാജി മെയിൽ ചെയ്യുകയായിരുന്നുവെന്നും ജി രതികുമാർ കൂട്ടിച്ചേർത്തു. 

കോൺഗ്രസിൽ വീണ്ടും രാജി, കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു, സിപിഎമ്മിൽ ചേർന്നു

ഉച്ചയോടെയാണ് കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ പാർട്ടിവിട്ട് സിപിഎമ്മിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവൻ ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൽ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ഉപ്പ് ചാക്ക് വെള്ളത്തിൽ വെച്ച പോലെ ഇല്ലാതാകുകയാണെന്ന് പരിഹസിച്ച കോടിയേരി സിപിഎം, വരുന്ന എല്ലാവർക്കും വാതിൽ തുറന്ന് കൊടുക്കില്ലെന്നും ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേർത്തു. 

കേരളത്തിലെ ചരിത്രത്തിലാദ്യമായി ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് പാർട്ടിവിടുന്ന സ്ഥിതിയാണ്. അവർ സിപിഎമ്മിലേക്ക് ആക്യഷ്ട്ടരാകുകയാണ്. സഹകരിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്ന തിരിച്ചറിവുണ്ടാകുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎമ്മിലേക്ക് പോയതിന് വിമർശിക്കുന്ന കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്കാണ് പോയതെങ്കിൽ വിമർശിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!