
കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു.
ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ഇന്നലെ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആനകൾ ബഹളമുണ്ടാക്കുന്നത് കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമാ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പേര് പോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ. കാട് വളരെ പരിചിതമായ ആന തിരികെ വരും എന്നാണ് എല്ലാവരും കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam