
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കൂടാതെ വെറുതെ വിട്ടത് മൂന്ന് പ്രതികളെ കൂടി. കേസിൽ ദിലീപടക്കം നാല് പേരെ വെറുതെ വിടുകയും ആറ് പേരെ ശിക്ഷിക്കുകയും ചെയ്തു. മൊത്തം 10 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഏഴാം പ്രതി ചാർലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത്.ജി. നായർ എന്നിവരാണ് കുറ്റവിമുക്തരായത്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, സലിം എച്ച്, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളിൽ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ചു.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.