
ചാലക്കുടി: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്‍റെ മൊഴി ശരിവച്ച് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. നാലംഗ സംഘം സ്വർണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം. മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്ത് നാലംഗ സംഘം ഓടിരക്ഷപ്പെട്ടെന്നാണ് പരാതിക്കാർ പൊലീസിന് മൊഴി നൽകിയത്.
ഏഴ് ലക്ഷം രൂപയുടെ സ്വർണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാൽ സ്വർണം നൽകണമെങ്കിൽ ആദ്യം അഡ്വാൻസ് നൽകണമെന്ന് വന്നവർ നിലപാടെടുത്തു. റെയിൽവെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവർ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിൻ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികൾ ട്രാക്കിലൂടെ ഓടി. ട്രെയിൻ അടുത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടി. കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവർ ചാലക്കുടിയിലെത്തിയതെന്നും എന്നാൽ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവർക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവങ്ങൾ തുടക്കം. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മലപ്പുറത്തു നിന്നുള്ള രണ്ടുപേർ എത്തി. 7 ലക്ഷം രൂപയ്ക്ക് സ്വർണ്ണം നൽകാമെന്ന് പറഞ്ഞാണ് ഇവിടേക്ക് ഇവരെ വിളിച്ചു വരുത്തിയത്. അഡ്വാൻസ് നൽകാതെ സ്വർണ്ണം കാണിക്കില്ലെന്നായി നാലംഗ സംഘം. നാല് ലക്ഷം അഡ്വാൻസ് നൽകി. പരിശോധിക്കുന്നതിനിടെ നാലംഗ സംഘം പണം അടങ്ങിയ ബാഗുമായി ട്രാക്കിലൂടെ ചാലക്കുടിപ്പുഴയുടെ ഭാഗത്തേക്ക് ഓടി. ആ സമയത്ത് അതുവഴി വന്ന ചെന്നൈ തിരുവനന്തപുരം ട്രെയിനിലെ ലോക്കോ പൈലറ്റാണ് ഒരാൾക്ക് ട്രെയിൻ തട്ടി പരിക്കുപറ്റി എന്നും മറ്റു മൂന്നു പേർ പുഴയിൽ ചാടിയെന്നും വിവരം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. പിന്നാലെ പണം നഷ്ടപ്പെട്ടവരും പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി.
പൊലീസും ഫയർഫോഴ്സും റെയിൽവേ ജീവനക്കാരും പുലർച്ചെ മൂന്നുമണിവരെ പുഴയിൽ തിരച്ചിൽ നടത്തി. പിന്നീട് പകൽ സമയത്തും തെരച്ചിൽ തുടർന്നു. സ്കൂബ ടീമും പുഴയിലെത്തി. സമീപ പ്രദേശങ്ങളിലേക്ക് വിവരം കൈമാറിയെങ്കിലും കാണാതായത് ആരെന്നോ എന്തെന്നോ ഉള്ള സൂചനകൾ ഒന്നും കിട്ടിയില്ല. സമീപ പ്രദേശങ്ങളിൽ അന്വേഷിക്കുന്നതിനിടെയാണ് മുരിങ്ങൂരിലെ ഓട്ടോ ഡ്രൈവർ നാല് പേരെ കൊരട്ടിയിൽ കൊണ്ടുവിട്ടത് പങ്കുവെച്ചത്. അതിൽ ഒരാൾക്ക് പരിക്ക് ഉണ്ടായിരുന്നെന്ന് സംശയവും അയാൾ പോലീസിനെ അറിയിച്ചു. അങ്കമാലി ഭാഗത്തേക്ക് നാല് പേരും കടന്നുകളഞ്ഞു എന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. ഇത് തുടർന്ന് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമള്ള ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. നാല് പേരും ഉത്തരേന്ത്യൻ സ്വദേശികൾ എന്നാണ് പൊലീസ് പറയുന്നത്. സ്വർണ്ണം വാങ്ങാൻ എത്തിയവരെ ഇവർക്ക് പരിചയപ്പെടുത്തിയ കോഴിക്കോട് സ്വദേശിയെയും വിശദമായി ചോദ്യം ചെയ്തു വരുന്നു. പ്രതികൾ വൈകാതെ വലയിലാകുമെന്ന പ്രതീക്ഷയിലാണ് ചാലക്കുടി പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam