കണ്ണീരോണം: രണ്ട് വാഹനാപകടങ്ങളിലായി സംസ്ഥാനത്ത് നാലുമരണം

By Web TeamFirst Published Sep 11, 2019, 2:42 PM IST
Highlights

തൃശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. കോഴിക്കോട് പന്നിയങ്കരയില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്.

തിരുവനന്തപുരം: ഓണനാളിൽ തൃശൂരും കോഴിക്കോടുമുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. തൃശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. ചൂണ്ടൽ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് പന്നിയങ്കരയില്‍ പുലർച്ചെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഇതിനിടെ, കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിക്കിനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു. കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് ഒരു യുവാവിനെയും കാണാതായി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് (15) കാണാതായത്. 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതായിരുന്നു. കടലിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

click me!