
കൊച്ചി: പതിനൊന്ന് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് കനത്ത ശിക്ഷ. ഞാറയ്ക്കൽ സ്വദേശി ബിജു ഫ്രാൻസിസിന് 4 ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. ഞാറയ്ക്കൽ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഒരു കേസിൽ 4 ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് അത്യപൂർവമാണ്. ജീവപര്യന്തം എന്നത് ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കണം എന്നാണെന്ന് കോടതി വിശദീകരിച്ചു. 2018 ൽ ആണ് പ്രതി 11 വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. കേസിൽ അറസ്റ്റിലായി വിചാരണ തടവുകാരനായിരിക്കെ, ജയിലിലേക്ക് കഞ്ചാവ് ഓയിൽ കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്.
പെൺകുട്ടിയെ 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പെൺകുട്ടി കാര്യങ്ങൾ പുറത്തറിയിച്ചതോടെയാണ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ പത്തോളം വകുപ്പിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
നാലു വകുപ്പുകളിൽ നാല് ജീവപര്യന്തം കഠിന തടവ് കൂടാതെ മറ്റ് 6 വകുപ്പുകളിൽ 15 വർഷം കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെങ്കിലും മരണം വരെ ഇയാൾക്ക് ജയിലിൽ തന്നെ കഴിയേണ്ടി വരും. ജീവപര്യന്തം തടവ് പ്രതിയുടെ ജീവിതാവസാനം വരെയാണെന്ന് കോടതി വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പെൺകുട്ടിക്ക് അർഹമായ പരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശയും ചെയ്തിട്ടുണ്ട്.
സമീപകാലത്ത് ശിക്ഷിക്കപ്പെട്ട പോക്സോ കേസുകളിൽ കേരളം കണ്ട ഏറ്റവും വലിയ ശിക്ഷാവിധി ആണിത്. പ്രതി ചെയ്ത ക്രൂരത സമ്മാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇത്ര കഠിനമായ ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർമാരായിരുന്ന സിബിടോം, സിൽവർസ്റ്റർ തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പിഎ ബിന്ദു, അഡ്വ സരുൺ മാങ്കറ എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam