വിമാനയാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Feb 17, 2020, 9:35 PM IST
Highlights

 പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മംഗളുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ കൊള്ളസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്

കൊണ്ടോടി: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട്  യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിച്ച സംഭവത്തിൽ 4 പേർ പൊലീസ് പിടിയിൽ. മുഖ്യ സൂത്രധാരൻ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഹൈനേഷടക്കമുള്ളവരാണ് പിടിയിലായത്. സംഭവത്തിൽ മറ്റൊരാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു

സംഭവത്തിന്‍റെ മുഖ്യ സൂത്രധാരൻ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഹൈനേഷ്, കോഴിക്കോട് അത്തോളി സ്വദേശി നിഖിൽ രാജ്, വെസ്റ്റ്ഹിൽ സ്വദേശി സുദർശൻ, ബേപ്പൂർ സ്വദേശി ഹരിശങ്കർ എന്നിവരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കേസിൽ പരപ്പനങ്ങാടി സ്വദേശി റഷീദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവർക്ക് കൊട്ടേഷൻ സംഘങ്ങളെ എത്തിച്ച് കൊടുക്കുന്നതടക്കമുള്ള സഹായം ചെയ്യുന്ന മലപ്പുറം സ്വദേശിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മംഗളുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ കൊള്ളസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം കൊള്ളയടിക്കാനാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. 

ഫെബ്രുവരി 15-നാണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ദക്ഷിണ കന്നഡ സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയും സുഹൃത്തിനെയും പ്രതികൾ തട്ടിക്കൊണ്ടുപോയത്.  ഇവരുടെ കയ്യിൽ കള്ളക്കടത്ത് സ്വർണമില്ലെന്ന് മനസിലായ സംഘം കയ്യിലുള്ള സ്വർണവും പണവും കവർന്ന് വഴിയിൽ ഉപക്ഷിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തിയെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. കേസില്‍ കൂടുതൽ പേർ വൈകാതെ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

click me!