
കോട്ടയം: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.
കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റു. ഏറ്റുമാനൂരിൽ രണ്ട് പേർക്കാണ് സൂര്യഘാതത്തിൽ പൊള്ളലേറ്റത്.
പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്.
അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.
ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 മുതൽ 3വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്ന ജോലി ഒഴിവാക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ 39 ഡിഗ്രിവരെ പകൽ ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു.വേനൽ മഴ പരക്കെ ലഭിച്ചെങ്കിലും ചൂടിന് ശമനം ഉണ്ടായിട്ടില്ല.