
കൊച്ചി: മദർ തെരേസയുടെ (Mother Teresa) ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഡോക്യുമെന്ററി സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഫാദർ പോൾ തേലക്കാട്ട്. മദർ തെരേസയുടെ ജീവിതത്തിന്റെ ഇരുണ്ട വശം എന്ന തരത്തിലാണ് ഡോക്യുമെന്ററിയിലെ ചില ഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഭയെ ശിശു പീഡനങ്ങളുമായി ബന്ധപ്പെടുത്തി ഉയർത്തി കാട്ടിയ ആരോപണങ്ങൾ തെറ്റാണെന്ന് ഫാദർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിലായിരുന്നപ്പോൾ പോലും പുരോഹിതർക്കെതിരെ ഉയർന്ന ചൈൽഡ് അബ്യൂസ് കേസുകളിൽ നിന്ന് സഭയെ രക്ഷിക്കാൻ മദർ തെരേസയുടെ സഹായം തേടിയെന്ന് പറയുന്നു. എന്നാൽ ഇവിടെ ബോധപൂർവ്വമായ മാറ്റമാണ് ഡോക്യുമെന്ററിയിൽ വരുത്തിയിരിക്കുന്നത്. സഭയുമായി ബന്ധപ്പെട്ട അഴിമതിയിൽ തെരേസയുമായി ബന്ധപ്പെട്ട് കേസുകളില്ല. മദർ തെരേസയ്ക്കോ അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾക്കോ അവരുടെ സഭയ്‌ക്കോ പോലും അഴിമതിയുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല മദർ തെരേസ മരിച്ചുവെന്നും അവരുടെ ജീവിതം തുറന്ന പുസ്തകമാണെന്നും ആർക്കും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാമെന്നും ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു. എന്നാൽ ഇരുണ്ട വശം എന്നത് കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മദർ തെരേസയ്ക്കെതിരെ രംഗത്തെത്തിയ മേരി ജോൺസന്റെ വാക്കുകളോടും ഫാദർ പ്രതികരിച്ചു. 20 വർഷം മദർ തെരേസയ്‌ക്കൊപ്പം പ്രവർത്തിച്ചയാളാണ് മേരി ജോൺസൺ. "മദർ തെരേസയുടെ ആത്മീയത ക്രൂശിക്കപ്പെട്ട ക്രിസ്തുവുമായി ബന്ധപ്പെട്ടിരുന്നു. യേശു ദരിദ്രനായതിനാൽ ദരിദ്രനാകുന്നത് നല്ലതാണെന്ന് അവർ കരുതി. ഇത് സ്കീസോഫ്രീനിക് ആണ്..." മേരി ജോൺസണെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇത് നിഷേധിക്കുകയാണ് ഫാദർ പോൾ തേലക്കാട്ട്. ആദ്യം അവർ പറയുന്നു മദർ തെരേസയുടെ ആത്മീയത "കുരിശിലെ യേശുവിനോട്" ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇത് സത്യമാണ്. കഷ്ടപ്പെടുന്നവരിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ കാണുകയാണ് തെരേസ. ആ തരത്തിൽ വീക്ഷിച്ചാൽ ഭ്രാന്തമായ സ്നേഹമാണ് അവർക്കെന്നും സ്കീസോഫ്രീനിക് എന്ന മേരി ജോണിന്റെ പ്രയോഗത്തോട് ഫാദർ പ്രതകരിച്ചു.