
ജലന്ധര്‍: രാജിവെച്ചതിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ. താൻ സഭയെ അനുസരിക്കുകയാണ് ചെയ്തതെന്ന് ഫ്രാങ്കോ മുളക്കൽ. അനുസരണത്തിന്റെ മാതൃക കൂടി അതിലൂടെ ഉണ്ടാകുന്നുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ തന്നെ. താൻ സഭയെ അനുസരിച്ചു എന്ന് കണക്കാക്കണമെന്നും ഫ്രാങ്കോ പറഞ്ഞു. അടുത്ത നിർദ്ദേശം വരുന്നതുവരെ തന്നോട് ജലന്തർ രൂപതയിൽ പോകരുതെന്ന് സഭ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെന്നും കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ചാനലിന് നൽകിയ അഭിമുഖത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
ഏറെ പ്രമാദമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴാണ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചൊഴിയുന്നത്. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്. പക്ഷേ കന്യാസ്ത്രീ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജലന്ധർ രൂപതയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും, അത് അവസാനിപ്പിക്കുന്നതിനായി വത്തിക്കാൻ ബിഷപ്പിനോട് രാജിയാവശ്യപ്പെട്ടതെന്നുമാണ് വിവരം.
രൂപതയുടെ നല്ലതിന് വേണ്ടിയും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുമാണ് രാജിയെന്നാണ് ഫ്രാങ്കോ മുളയ്ക്കലും രാജി പ്രഖ്യാപന വീഡിയോയിൽ വ്യക്തമാക്കിയത്. ബിഷപ്പിന്റെ മാറ്റം സഭയുടെ നന്മയ്ക്ക് വേണ്ടിയെന്ന് ജലന്ധര്‍ രൂപതയും അറിയിച്ചു. രൂപതയുടെ നന്മയ്ക്ക് വേണ്ടി രാജിവെച്ച ബിഷപ്പിന് നന്ദിയറിച്ച് രൂപത കുറിപ്പിറക്കി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സെഷൻ കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഒരു വര്‍ഷത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. പീഡന കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam