
ഇടുക്കി: സിപിഎം ഭരണത്തിലുള്ള ഇടുക്കി കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ ഇല്ലാത്തയാളുകളുടെ പേരിലും ഈടു വച്ച ഭൂമിയുടെ വില പെരുപ്പിച്ച് കാട്ടിയും കോടികളുടെ വായ്പാ തട്ടിപ്പ്. സെക്രട്ടറിയുടെയും ഇടനിലക്കാരന്‍റെയും അക്കൗണ്ടിലേയ്ക്ക് എത്തിയത് ലക്ഷങ്ങളെന്നാണ് സഹകരണവകുപ്പിന്‍റെ 2018 -19 ലെ ഓഡിറ്റിൽ കണ്ടെത്തിയത്. ബാങ്കിന് 18 കോടി നഷ്ടമായെങ്കിലും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല.
കഞ്ഞിക്കുഴി ബാങ്കിന്‍റെ വായ്പകളിൽ സംശയം തോന്നിയ സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം വായ്പയെടുത്ത 25 പേര്‍ക്ക് കത്തയച്ചു. പക്ഷേ പതിനൊന്ന് കത്തുകൾ കൈപ്പറ്റാൻ ആളില്ലാതെ മടക്കി. ഇങ്ങനെ വ്യാജ മേൽവിലാസത്തിൽ വായ്പ കൊടുത്തത് മാത്രമല്ല, വിപണി വില കുറഞ്ഞ സ്ഥലത്തിന് വൻ വിലയിട്ടും വായ്പ കൊടുത്തു. വിലയുടെ അമ്പത് ശതമാനം മാത്രമേ വായ്പ നൽകാവൂ എന്ന ചട്ടവും ലംഘിച്ചു.
ബാങ്കിലെ ജീവനക്കാരനായ മോഹൻ ദാസിന്‍റെ പത്തു സെൻ്റ് സ്ഥലത്തിന് ഒരു കോടി 42 ലക്ഷം വിലയിട്ട് 81 ലക്ഷം വായ്പ നൽകിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിൽ പണയത്തിലിരുന്ന സ്ഥലത്തിനു പോലും വായ്പ അനുവദിച്ചു. രണ്ടു തവണ വിൽപ്പന നടത്തിയ സ്ഥലത്തിന് ആദ്യത്തെ ഉടമയുടെ പേരിൽ വായ്പ. സ്ഥലത്തിൻ്റെ വില നിർണയിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം ബോർഡംഗങ്ങൾ. വായ്പ അനുവദിക്കുന്നതിന് ഇടനില നിൽക്കുന്ന സജി എം എസ് എന്നയാളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ കമ്മീഷനായി വന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ലക്ഷങ്ങൾ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്കുമെത്തി.
ബാങ്കിന്‍റെ പ്രവര്‍ത്തന പരിധി കഞ്ഞിക്കുഴി പഞ്ചായത്ത്. പക്ഷേ പഞ്ചായത്തിന് പുറത്തും വായ്പ കൊടുത്തു. ഓഡിറ്റിൽ കണ്ടെത്തിയ കുഴപ്പങ്ങൾ പരിഹരിച്ചെന്ന് ബാങ്ക് അധികൃതർ വാദിക്കുന്നുണ്ടെങ്കിലും എങ്ങനെ പരിഹരിച്ചെന്ന് കൃത്യമായ മറുപടിയില്ല. കുറ്റക്കാർക്കെതിരെ നടപടിയുമുണ്ടായില്ല.