
കൊച്ചി: അനാഥ മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രം നടത്തിപ്പിലും കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. വന്യ മൃഗങ്ങളുടെ പേരില്‍ നടന്ന ഈ വെട്ടിപ്പ് കണ്ടെത്തിയതും വനം വകുപ്പ് തന്നെയാണ്. സംഭവത്തില്‍ വനം വിജലിൻസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
മ്ലാവുകളുടെ തീറ്റ ചെലവ് ഇനത്തില്‍ ഇല്ലാത്ത മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ് നടന്നത്. വനം വകുപ്പിനു കീഴിലുള്ള കപ്രിക്കാട് അഭയാരണ്യം എന്ന അനാഥ മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രത്തില്‍ ആകെയുള്ളത് 134 മ്ലാവുകളാണ്. എന്നാല്‍, ഇവിടുത്തെ റജിസ്റ്ററില്‍ 170 മ്ലാവുകളുണ്ടെന്നാണ് കണക്ക് കാണിച്ചിരിക്കുന്നത്. 170 മ്ലാവുകളുടേയും സംരക്ഷണത്തിന് പ്രതിമാസം ഓരോന്നിനും 8289 രൂപ വീതം തീറ്റക്കായി ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അഭയ കേന്ദ്രത്തിലില്ലാത്ത 36 മ്ലാവുകളുടെ തീറ്റ ചിലവ് കാണിച്ച് പ്രതിമാസം 2,98,404 രൂപ വച്ചാണ് എഴുതിയെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2019 മുതല്‍ ഈ തട്ടിപ്പ് നടക്കുന്നുവെന്ന് ബോധ്യപ്പെട്ടു. അതായത് നാല് വര്‍ഷം കൊണ്ട് മ്ലാവുകളുടെ തീറ്റയില്‍ കൈയിട്ടു വാരി തട്ടിയെടുത്തത് ഒന്നരക്കോടിയോളം രൂപ.
2011 ൽ അഭയ കേന്ദ്രം ആരംഭിക്കുമ്പോൾ 86 മ്ലാവുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2019 - 20 കാലഘട്ടത്തില്‍ 48 കുഞ്ഞുങ്ങള്‍ ജനിച്ചത് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖയുണ്ട്. അതായത് ആകെ 134 മ്ലാവുകള്‍. എന്നാല്‍ 170 മ്ലാവുകള്‍ക്കാണ് തീറ്റയിനത്തില്‍ പണം വാങ്ങിക്കൊണ്ടിരുന്നത്. 36 മ്ലാവുകളുടെ എണ്ണം കൂടുതലായി കാണിച്ചു. ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭയകേന്ദ്രത്തിലെത്തി മ്ലാവുകളെ എണ്ണിനോക്കി. അപ്പോഴും 134 മ്ലാവുകള്‍ മാത്രമാണ് ഉള്ളത്. ഇതോടെയാണ് ഇല്ലാത്ത കണക്ക് നിരത്തി മ്ലാവുകളുടെ തീറ്റയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് എറണാകുളം വനം ഫ്ലയിങ് സ്ക്വാഡും വിജിലൻസും അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam