
തിരുവനന്തപുരം : എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട തെളുവുകൾ തന്റെ പക്കലുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ നൽകിയതെന്നും കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.
കരാർ ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തു. ടെക്നിക്കൽ യോഗ്യതയില്ലാത്തതിനാൽ ഇതിൽ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ സോഫ്റ്റ്വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോൺട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിർട്ടുമായി ഇവർക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണ്.
സാങ്കേതിക പ്രാധാന്യമുള്ള കേസുകൾ സബ് കോൺട്രാക്ട് നൽകരുതെന്ന് നിർദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികൾ ചേർന്നു കാർട്ടൽ ഉണ്ടാക്കി. രണ്ടു കമ്പനികൾ സ്രിറ്റിന് കരാർ കിട്ടാൻ കൂടിയ തുക ക്വട്ട് ചെയ്തു.
എഐ ക്യാമറ: പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി, സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ
മത്സരത്തിൽ ഇല്ലാത്ത രണ്ട് ഐ.ടി കമ്പനികൾ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്പനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്പനികൾ സാങ്കേതിക പിന്തുണ നൽകിയത്. സ്രിറ്റിന് ഒമ്പത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. അതാരുടേതാണെന്ന് വ്യക്തമാക്കണം. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ.കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിൽ. ഊരാളുങ്കലും സ്രിറ്റും ചേർന്നു കമ്പനി നിലവിലുണ്ട്. എഐ കമ്പനി വിഷയത്തിൽ നിയമ നടപടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ വ്യക്തമാക്കി.
'അഴിമതി പുറത്തായപ്പോൾ ഉരുണ്ടുകളിക്കുന്നു'; കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി ചെന്നിത്തല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam