
സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയർത്താൻ ലക്ഷ്യമിട്ട് വോട്ടർമാർക്കായി സർപ്രൈസ് പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഊബർ ആപ്പുമായി സഹകരിച്ച് സൗജന്യ യാത്രയൊരുക്കുന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതോടൊപ്പം കന്നിവോട്ടർമാരെ സ്വീകരിക്കാൻ 'മധുരമുള്ള വോട്ട്' ക്യാമ്പെയ്‌നിലൂടെ ഹൽവ വിതരണവും കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.
ഊബറിൽ ബൂത്തിലേക്ക്; വോട്ടർമാർക്ക് വിഐപി പരിഗണന
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ നഗരപ്രദേശങ്ങളിൽ വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഊബർ ആപ്പുമായി സഹകരിച്ചുള്ള സൗജന്യ യാത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിക്കുന്നത്. വോട്ടർമാർക്ക് തങ്ങളുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് യൂബര്‍ കാർ, ഓട്ടോ, ബൈക്ക് എന്നിവയിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രത്യേകമായി ബൂത്തുകളുടെ ലൊക്കേഷൻ ഊബർ ആപ്പിൽ തന്നെ ലഭ്യമാക്കും. നഗരങ്ങളിലെ ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും ഭയന്ന് വോട്ട് ചെയ്യാൻ മടിക്കുന്നവരെ ബൂത്തിലെത്തിക്കാൻ ഈ നീക്കം സഹായിക്കും.
ജീവിതത്തിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തുന്ന യുവാക്കളെ വരവേൽക്കാൻ 'മധുരമുള്ള വോട്ട്' എന്ന കൗതുകകരമായ ക്യാമ്പെയ്‌നാണ് കമ്മീഷൻ വിഭാവനം ചെയ്തിരിക്കുന്നത്. 18 മുതൽ 21 വയസ് വരെയുള്ള കന്നിവോട്ടർമാർക്ക് വോട്ടിംഗിന് ശേഷം പ്രമുഖ ബ്രാൻഡുകളുടെ ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകും. ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബൂത്തുകളിലാകും ഈ വിതരണം. പുതിയ തലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം പ്രോത്സാഹനങ്ങൾ അത്യാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി.
കേവലം ബോധവൽക്കരണ ക്ലാസുകൾക്ക് പകരം യുവാക്കളുടെ പ്രിയപ്പെട്ട റാപ്പ് സംഗീതത്തിലൂടെയാണ് ഇത്തവണ കമ്മീഷൻ വോട്ടഭ്യർത്ഥിക്കുന്നത്. സയനോര ഫിലിപ്പ്, തിരുമാലി, എസ്ടീ തുടങ്ങിയ പ്രമുഖർ അണിനിരന്ന റാപ്പ് സോങ്ങ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 'ഒരു വോട്ട് മതി വിധി മാറ്റി എഴുതാൻ' എന്ന സന്ദേശം ആധുനിക താളത്തിനൊപ്പം അവതരിപ്പിക്കുന്നതിലൂടെ യുവാക്കൾക്കിടയിൽ വോട്ടിംഗിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ സാധിച്ചു. ടിനി ടോമും കൈലാഷും ചേർന്നാണ് ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ 4.66 ലക്ഷത്തോളം വരുന്ന കന്നിവോട്ടർമാർ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഴയ തലമുറയെപ്പോലെ രാഷ്ട്രീയത്തോട് തുറന്ന നിലപാടുകൾ പ്രകടിപ്പിക്കാത്ത ഈ വിഭാഗത്തെ ബൂത്തിലെത്തിക്കാൻ കമ്മീഷൻ നടത്തുന്ന ഇത്തരം പരീക്ഷണങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ ഈ 'ഹൈടെക്' തന്ത്രങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam