
കൊച്ചി: ജയിലുകളിൽ നിന്ന് ഇനി മുതൽ സാനിട്ടറി പാഡുകളും. ഫ്രീഡം കെയർ എന്ന പേരിൽ വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി. കുറഞ്ഞ നിരക്കിൽ സാനിട്ടറി പാഡുകൾ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാൽ മറ്റ് ജയിലുകളിലും പദ്ധതി നടപ്പിലാക്കും. റിമാൻഡ് കാലാവധി നീണ്ടുപോകും വരെ നാലു ചുമരുകൾക്കുള്ളിലെ അടച്ചിരുപ്പ്. കുറ്റവും ശിക്ഷയും വേട്ടയാടുന്ന രാത്രിയും പകലും. ജയിലിൽ നിന്ന് മോചനമില്ലെങ്കിലും ചിന്തകളുടെ തടവറയിൽ നിന്ന് ഇറങ്ങിനടക്കുന്നതിന്റെ ആശ്വാസത്തിലാണ് ഈ വനിത അന്തേവാസികൾ.
സ്ത്രീകൾക്ക് ഏറെ ആവശ്യമുളള സാനിട്ടറി പാഡ് നിർമ്മിക്കുന്നതിലും സംതൃപ്തി. കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾ തന്നെയാണ് ഫ്രീഡം കെയറിന്റെ ആദ്യ ഉപഭോക്താക്കൾ. മാർക്കറ്റിലെ ഏത് ബ്രാൻഡിനോടും കിട പിടിക്കുന്ന അനുഭവമെന്ന് സാക്ഷ്യം. ഏറ്റവും കുറഞ്ഞ നിരക്കിൽ പാഡുകൾ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ വ്യവസായ വകുപ്പ് തുടങ്ങി. കൊച്ചിൻ ഷിപ്‍യാർഡിന്റെ 12 ലക്ഷം രൂപ സിഎസ്ആർ ഫണ്ടാണ് സാമ്പത്തിക പിന്തുണ ആയത്. ഒരു മാസത്തെ പരിശീലനത്തിൽ മാത്രം രണ്ടായിരത്തിലേറെ പാഡുകൾ തയ്യാറാക്കി.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻ വനിതാ തടവുകാരുടെയും പങ്കാളിത്തവും ഉറപ്പാക്കുന്നു. കൂടുതൽ വനിത സ്ഥിരം അന്തേവാസികളുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജയിലുകളിൽ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ജയിൽവകുപ്പ്. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാൻഡായി മാറാൻ തയ്യാറെടുക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam