ഇന്ധന സെസിൽ മലക്കംമറിഞ്ഞോ വി ഡി സതീശൻ? പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതും ഇപ്പോൾ പറയുന്നതും

Published : Jun 25, 2026, 03:07 PM ISTUpdated : Jun 25, 2026, 04:05 PM IST
fuel cess

Synopsis

ഇന്ധന വില കൂടുമ്പോള്‍ അധികം കിട്ടുന്ന നികുതി വേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചത് പോലെ പിണറായി വിജയൻ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വി ഡി സതീശൻ വിമർശിച്ചത്. ഈ നിലപാടില്‍ നിന്ന് വി ഡി സതീശൻ പിന്നോട്ട് പോയോ എന്നാണ് ആദ്യത്തെ ചോദ്യം.

തിരുവനന്തപുരം: കൂട്ടിയ ഇന്ധന വിലയുടെ നികുതി പിൻവലിക്കുന്നതിൽ ഒളിച്ചുകളി തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം തീരുമാനം എന്ന പ്രഖ്യാപനത്തിൽ ഇനിയും നടപടിയായില്ല. സാമൂഹ്യക്ഷേമ, കിഫ്ബി സെസുകൾ പിൻവലിക്കുന്നതിലും തീരുമാനം നീളുകയാണ്. ബജറ്റിൽ പ്രഖ്യാപിക്കുമെന്ന നിലപാടിൽ നിന്നുമാണ് മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിൽ.

പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വി ഡി സതീശൻ എടുത്ത മൂന്ന് നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞോ എന്നാണ് ഉയരുന്ന ചോദ്യം. ഇന്ധന വില കൂടുമ്പോള്‍ അധികം കിട്ടുന്ന നികുതി വേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചത് പോലെ പിണറായി വിജയൻ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വി ഡി സതീശൻ വിമർശിച്ചത്. ഈ നിലപാടില്‍ നിന്ന് വി ഡി സതീശൻ പിന്നോട്ട് പോയോ എന്നാണ് ആദ്യത്തെ ചോദ്യം.

ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച സതീശൻ നിലപാടില്‍ നിന്ന് പിന്നോട്ട് പോയോ, കിഫ്ബിയുടെ തിരിച്ചടവിന് ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് ശരിയല്ല എന്ന നിലപാടും ഭരണത്തിൽ എത്തിയപ്പോള്‍ വിഴുങ്ങിയോ എന്നാണ് മറ്റു രണ്ട് ചോദ്യങ്ങൾ.

പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള നിലപാട്

"സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു രൂപ പോലും കൂട്ടാതെ പെൻഷന്‍റെ പേരു പറഞ്ഞ് ഇന്ധന നികുതിയും മദ്യ നികുതിയും കൂട്ടിയിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിനും ഡീസലിനുമെല്ലാം രണ്ട് രൂപ സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ധന വില വർദ്ധനവിനെതിരെ സമരം ചെയ്യുന്നവർ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്"

മുഖ്യമന്ത്രിയായ ശേഷം

ഇന്ധന സെസ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് അത് പരിശോധിക്കുകയാണ്, സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നെല്ലാമാണ് മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശന്‍റെ ആവർത്തിച്ചുള്ള മറുപടി. എത്ര തവണയാണ് ഇന്ധന വില കൂട്ടുന്നത്, ഓരോ തവണയും കൂട്ടുമ്പോൾ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ധന നികുതി കണക്ക് ഇങ്ങനെ

പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി. രണ്ടിനും ഓരോ ലിറ്ററിനും ഒരു രൂപ അധിക വിൽപന നികുതി. ഒരു ശതമാനം സെസ്. തീര്‍ന്നില്ല ലിറ്ററിന് രണ്ടു രൂപ വീതം പെന്‍ഷൻ കമ്പനിക്കുള്ള സെസ്. ഒരു വര്‍ഷത്തെ സെസ് പിരിവ് കൊണ്ട് ഒരു മാസത്തെ പെന്‍ഷൻ കൊടുക്കാം. യുഡിഎഫ് സര്‍ക്കാര്‍ സമഗ്രമാറ്റം ആലോചിക്കുന്ന കിഫ്ബിക്കു വേണ്ടിയുമുണ്ട് ഇന്ധന സെസ്. 2024 - 25 ൽ പിരിച്ചത് 530 കോടി. നടപ്പു വര്‍ഷം പ്രതീക്ഷിക്കുന്നത് 615 കോടി. വിൽപന നികുതി ഇനത്തിൽ കഴിഞ്ഞ രണ്ടു മാസം 4200.87 കോടി രൂപ വരുമാനമുണ്ടായെന്നാണ് സിഎജി കണക്ക്. ഏപ്രിലിൽ 1493 കോടിയെങ്കിൽ കഴിഞ്ഞ മാസം 2706.92 കോടിയായി ഉയര്‍ന്നു.

സെസ് കുറച്ചാല്‍ ഇന്ധന വില ലിറ്ററിന് എത്ര കുറയും?

സാമൂഹിക സുരക്ഷാ പെന്‍ഷനായി പെട്രോളിനും ഡീസിലിനും ലിറ്ററിന് 2 രൂപയാണ് സെസ്.

2023-24 സാമ്പത്തിക വര്‍ഷം ഇന്ധനത്തിൽ നിന്ന് കിട്ടിയ സെസ് 954.32 കോടി

2024-25 സാമ്പത്തിക വർഷത്തിൽ 1014.53 കോടി

2025-26 വർഷത്തിൽ 1160 കോടി

ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 1346.06 കോടി

ഒന്നര മാസത്തിനിടെ പത്തു രൂപയുടെ വർദ്ധനയാണ് പെട്രോളിനും ഡീസലിനുമുണ്ടായത്. സെസ് കുറച്ചാല്‍ ഒരു ലിറ്ററിന് ഏകദേശം 5 രൂപ മുതല്‍ 5 രൂപ 70 പൈസ വരെ കുറയ്ക്കാൻ കഴിയും. ബജറ്റ് അവതരണവും ചർച്ചയും മറുപടിയും കഴിഞ്ഞിട്ടും ഇതൊന്നും നടപ്പിലായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യൻ, മുന്നണിക്കകത്ത് തന്നെയുള്ള എംഎൽഎയാണ് താനെന്ന് ഓർമിപ്പിച്ച് റെജി ചെറിയാൻ; വിമർശനം രൂക്ഷം
സഭയ്ക്ക് ഓഡിറ്റിങ് ഉണ്ട്, വിദേശത്തുനിന്ന് വരുന്ന പണം സഭയുടെ മക്കളുടേത്; ഓർത്തഡോൿസ്‌ സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത