വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കസ്റ്റഡിയിൽ. കലാപത്തിന് ആഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്
കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ ചുമത്തിയ കുറ്റങ്ങളുടെ വിവരങ്ങൾ പുറത്ത്. കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് മോഹൻദാസിനെതിരെ കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാൽ കോടതിയുടെ തീരുമാനത്തിന് വിധേയമായി മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.
അറസ്റ്റ് വിവേചനപരമെന്ന് ബി ജെ പി
അതേസമയം ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്നാണ് ബി ജെ പി അഭിപ്രായപ്പെട്ടത്. അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായപ്പോള്‍ നടപടികള്‍ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബി ജെ പി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്‍ കേരള സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭീതിജനകമാണെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു. മതവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി ഡി സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.
