
ഇടുക്കി: മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ അതിർത്തി മേഖലകളിലും ലോക്ക് ഡൗണിലെ ഇളവുകള്‍ നീക്കിയേക്കും. പുറത്തിറങ്ങരുതെന്ന നിർദ്ദേശം നാട്ടുകാർ ലംഘിക്കുന്നതിനൊപ്പം തമിഴ്നാട്ടിൽ നിന്ന് ആളുകൾ എത്തുന്നത് കൂടി പരിഗണിച്ചാണ് നീക്കം. തമിഴ്‍നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ മറയൂർ, ചിന്നക്കനാൽ, ശാന്തൻപാറ, സൂര്യനെല്ലി എന്നിവിടങ്ങളിൽ കൂടി സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം.
ഇതിന് മുന്നോടിയായി എംഎൽഎയുടെയും ദേവികുളം സബ്‍കളക്ടറുടെയും നേതൃത്വത്തിൽ മൂന്നാറിൽ യോഗം ചേർന്നു. ലോക് ഡൗണ്‍ നിലവിൽ വന്ന് മൂന്നാഴ്ചയാകാറായിട്ടും ഇവിടങ്ങളിലൊന്നും ഇപ്പോഴും തിരക്കിന് കുറവില്ല. പൊലീസ് നിർദ്ദേശം അവഗണിച്ചും അവശ്യസാധനങ്ങൾ വാങ്ങാനെന്ന വ്യാജേന നാട്ടുകാർ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. ചെറുകിട വ്യാപാരികൾ തമിഴ്നാട്ടിൽ നിന്ന് വനത്തിലൂടെ സാധനങ്ങൾ കൊണ്ടുവരുന്നു.
മൂന്നാറിൽ സമ്പൂര്‍ണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം ആളുകൾ പുറത്തിറങ്ങുന്നില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. ഇതും പ്രശ്നബാധിതമായ കൂടുതൽ പ്രദേശങ്ങളിലേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നീട്ടുന്നതിന് ജില്ലാഭരണകൂടത്തെ പ്രേരിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam