
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പാർട്ടിയെ പിടിച്ചുലച്ച ഒരു കോടി രൂപയുടെ ഫണ്ട് തിരിമറി വിവാദത്തിൽ പേരിന് നടപടിയെടുത്ത് തലയൂരാൻ സിപിഎം (CPM). തെരഞ്ഞെടുപ്പ് ഫണ്ടും ഓഫീസ് നിർമ്മാണ ഫണ്ടും ഉൾപെടെ പാർട്ടി പിരിച്ചെടുത്ത തുകയിൽ നിന്നും ഒരു കോടി രൂപ നേതാക്കൾ തട്ടിയെടുത്തു എന്ന പരാതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മറ്റി ചർച്ച ചെയ്തു. ഒരു നിയമസഭാംഗം പ്രതി സ്ഥാനത്ത് നിൽക്കുന്ന സംഭവത്തിൽ താഴെ തട്ടിൽ മാത്രം നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം. എംഎൽഎ ഉൾപെടെയുള്ളവർക്കെതിരായ ആരോപണം പാർട്ടി സംഘടനാ വിഷയമാണെന്നും മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടതില്ലാ എന്നുമാണ് ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
2021 നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കാൻ സ്വരുക്കൂട്ടിയ തുക എന്നിവയിൽ ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. ഒരു നിയമസഭ അംഗം, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുമതലുണ്ടായിരുന്ന ജില്ലയിലെ ഒരു ഏരിയ സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷൻ പരാതി അന്വേഷിച്ച് ജില്ലാ കമ്മറ്റിക്ക് റിപ്പോർട്ട് നൽകി. ആകെ പിരിച്ചെടുത്തവയിൽ രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്തിയിരുന്നില്ല. ഇത് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ കൊണ്ടുവന്ന കൗണ്ടർ ഫയലുകൾ സ്വകാര്യ പ്രസിൽ നിന്ന് പുതുതായി അച്ചടിച്ചതാണെന്നും ബോധ്യപ്പെട്ടു.
ഗുരുതര സാമ്പത്തിക തിരിമറി നടന്നെന്ന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന ജില്ലാ കമ്മറ്റി ചർച്ച ചെയ്തു. ആരോപണ വിധേയരായ രണ്ട് നേതാക്കളേയും വിളിച്ച് വരുത്തി മുതിർന്ന നേതാക്കൾ സംസാരിച്ചു. എംഎൽഎക്കെതിരെ ഫണ്ട് തിരിമറിക്ക് നടപടി വന്നാൽ പാർട്ടിയുടെ പ്രതിച്ഛായ്ക്ക് മങ്ങൽ ഏൽക്കും എന്നതിനാൽ ഒരു ഏരിയ കമ്മറ്റി അംഗത്തിനെ കൊണ്ട് ഉത്തരവാദിത്തം ഏൽപിച്ച് തടിയൂരാൻ ആലോചന നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. ആരോപണ വിധേയരായ നേതാക്കൾക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് കാട്ടി ശിക്ഷ നടപടി ശാസനയിൽ ഒതുക്കാനും നീക്കം നടക്കുന്നു.
നാട്ടുകാരുടെ കയ്യിൽ നിന്ന് പിരിച്ച തുകയിൽ ജനപ്രതിനിധി ഉൾപെടെയുള്ളവർ തിരിമറി നടത്തിയാൽ ജനങ്ങളോട് മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പയ്യന്നൂർ മേഖലയിൽ സിപിഎമ്മിനകത്ത് ചേരി തിരിവിനും ഇടയാക്കിയ സംഭവത്തിൽ നേതാക്കളെ സംരക്ഷിക്കുന്ന നടപടി ഉണ്ടായാൽ അത് പ്രദേശത്ത് പാർട്ടിക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam