
കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്‍പചക്രം അര്‍പ്പിച്ചു. ടൌണ്‍ ഹാളിന് മുന്നല്‍ പൊലീസ് കോടിയേരിക്ക് ആദരം അര്‍പ്പിച്ചു. ഇന്ന് രാത്രി എട്ടുമണി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെ തലശ്ശേരിയിലേക്ക് വിലാപയാത്ര ആരംഭിച്ചു. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. റോഡിന് ഇരുവശവും വന്‍ ജനാവലിയായിരുന്നു.
മാടപ്പീടികയിലെ വീട്ടിലും സിപിഎം ഓഫീസിലും നാളെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.സംസ്ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം,കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താലാണ്. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചു. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam