'ഒരെല്ല്' കൂടുതലുള്ള ആഭ്യന്തരമന്ത്രി; ജനമൈത്രി, കമ്പ്യൂട്ടര്‍, മൊബൈൽ..പൊലീസിനെ മാറ്റിയ കോടിയേരിക്കാലം

Published : Oct 02, 2022, 02:58 PM ISTUpdated : Oct 02, 2022, 03:18 PM IST
'ഒരെല്ല്' കൂടുതലുള്ള ആഭ്യന്തരമന്ത്രി; ജനമൈത്രി, കമ്പ്യൂട്ടര്‍, മൊബൈൽ..പൊലീസിനെ മാറ്റിയ  കോടിയേരിക്കാലം

Synopsis

പാർട്ടിയിൽ വിഎസ്-പിണറായി പോര് മൂർച്ഛിച്ച കാലത്താണ് മുഖ്യമന്ത്രിയായ വിഎസിനെ വെട്ടി, ആഭ്യന്തരമന്ത്രിക്കസേര വിശ്വസ്തനായ കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായ പിണറായി ഏൽപ്പിക്കുന്നത്. 

പൊലീസ് എന്നെഴുതിയപ്പോൾ അക്ഷരത്തെറ്റായി ഒരെല്ല് കൂടിപ്പോയതിന് പരിഹാസം ഏറ്റുവാങ്ങിയിരുന്നു കോടിയേരി ബാലകൃഷ്ണൻ. പക്ഷേ, കേരള പൊലീസ് മന്ത്രിമാരുടെ ചരിത്രമെടുത്താൽ അതായിരുന്നു ശരി. കോടിയേരിയുടെ പൊലീസിന് ഒരെല്ല് കൂടുതലായിരുന്നു. പാർട്ടിയിൽ വിഎസ്-പിണറായി പോര് മൂർച്ഛിച്ച കാലത്താണ് മുഖ്യമന്ത്രിയായ വിഎസിനെ വെട്ടി, ആഭ്യന്തരമന്ത്രിക്കസേര വിശ്വസ്തനായ കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായ പിണറായി ഏൽപ്പിക്കുന്നത്. വിഎസിനെ ഒതുക്കാനുള്ള പിണറായിയുടെ തന്ത്രമായി രാഷ്ട്രീയ കേരളം കോടിയേരിയുടെ ആഭ്യന്തരമന്ത്രി  സ്ഥാനത്തെ വിലയിരുത്തിയെങ്കിലും അത് മാത്രമായിരുന്നില്ല ശരി. അന്നുവരെയുള്ള എല്ലാ പൊലീസ് ശീലങ്ങളും മാറ്റാനുറച്ച് തന്നെയായിരുന്നു കോടിയേരിയുടെ വരവ്. 

കേരള പൊലീസ് എന്നാൽ ആദ്യം ഓർമയിൽ വരുന്ന ആ പഴഞ്ചൻ ജീപ്പ് നമ്മുടെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായത് കോടിയേരി ആഭ്യന്തരമന്ത്രിയായതിന് ശേഷമാണ്. കറുത്ത പുക ഉയർത്തി കിതച്ച് പായുന്ന ജീപ്പിന് പകരം നല്ല വെളുത്ത ബൊലേറോ ജീപ്പ് മുതൽ തുടങ്ങുന്ന ആഭ്യന്തരമന്ത്രിയായുള്ള കോടിയേരിയുടെ പരിഷ്കാരങ്ങൾ. 

പൊലീസിനെ ആധുനികവത്കരിക്കുക എന്നതായിരുന്നു കോടിയേരിയുടെ പ്രധാന ലക്ഷ്യം. വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതയും അതിനായി പ്രയോജപ്പെടുത്താനും അദ്ദേഹം മുൻകൈയെടുത്തു. അതിന്റെ ഭാ​ഗമായി പൊലീസുകാർക്ക് മൊബൈൽ ഫോൺ, പൊലീസ് സ്റ്റേഷനുകളിൽ ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഒരുക്കി. കപ്പടാ മീശയും ലാത്തിയുമെന്ന പൊലീസിന്റെ മുഖമുദ്ര മാറ്റാനുള്ള ശ്രമവും അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായി. അങ്ങനെയാണ് ജനമൈത്രി പൊലീസ് എന്ന ആശയമുദിച്ചത്. പൊലീസ് സേനയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാനാണ് ജനമൈത്രി പൊലീസ് എന്ന ആശയം നടപ്പാക്കിയത്. സാധാരണ ജനത്തിന് ഭയമില്ലാതെ കടന്നു ചെല്ലാവുന്ന സ്ഥലമായി പൊലീസിനെയും പൊലീസ് സ്റ്റേഷനെയും മാറ്റുക എന്നതായിരുന്നു ഉദ്ദേശം. അതിന് പുറമെ, കേരളത്തിൽ പൊലീസ് ആക്ട് നടപ്പാക്കാൻ തീരുമാനിക്കുന്നതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്.

പൊലീസ് ഉദ്യോദസ്ഥരുടെ പ്രൊമോഷൻ, സ്റ്റേഷനുകളുടെ നവീകരണം, ആധുനികവത്കരണം, സ്റ്റു‍ഡന്റ് പൊലീസ് കേഡറ്റ്, തണ്ടർബോൾട്ട്, തീരദേശ പൊലീസ്, ഹൈവേ പൊലീസ് പട്രോളിങ്, ശബരിമലയിലെ വിർച്വൽ ക്യൂ, ലാത്തിച്ചാർജിന് പകരം ജലപീരങ്കിയും കണ്ണീർ വാതകവും, ജയിലിലെ പരിഷ്കാരങ്ങൾ....ഇങ്ങനെ അനവധിയാണ് കോടിയേരി പൊലീസ് സേനയിൽ കൊണ്ടുവന്ന മാറ്റങ്ങൾ. ജയിൽ സമം ​ഗോതമ്പുണ്ട എന്ന സമവാക്യത്തെ കോടിയേരി തിരുത്തി. ചപ്പാത്തി മുതൽ ബിരിയാണി വരെ നിർമിക്കുന്നതും വിപണനം ചെയ്യുന്നതുമായ കേന്ദ്രങ്ങളായി ജയിൽ മാറി. ജയിൽ ആധുനികവത്കരണത്തിനായി 152 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നേടാനും കോടിയേരിക്കായി. ജയിലുകളിലെ അടിസ്ഥാന സൗകര്യമേഖലയിലും വലിയ മാറ്റമുണ്ടായി. 

കോടിയേരിയുടെ പൊലീസ് കാലത്തെ മുൻ ഡിജിപി ജേക്കബ് പുന്നൂസ് വിലയിരുത്തുന്നത് നോക്കുക. 

കോൺസ്റ്റബിൾ ആയി ചേർന്ന ഭൂരിഭാഗം പൊലീസുകാരും 30 വർഷത്തെ സേവനത്തിന് ശേഷം കോൺസ്റ്റബിൾ ആയി റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽനിന്ന് മോചനം നൽകിയത് കോടിയേരിയാണ്. യോഗ്യരായവർക്കെല്ലാം 15 വർഷത്തിൽ എച്ച്സി റാങ്കും 23 വർഷത്തിൽ എഎസ്ഐ റാങ്കും നൽകിയ വ്യക്തി. ജനമൈത്രി പൊലീസ് വഴി കുടുംബമിത്രങ്ങളായും എസ്പിസി(സ്റ്റുഡന്റ് പൊലീസ് കേഡറ്റ്) വഴി പൊലീസ് കു‌ട്ടികൾക്ക് അധ്യാപകരായും അധ്യാപകർ സ്കൂളിലെ പൊലീസുമായി മാറി. ആയിരക്കണക്കിന് എക്സ് സർവീസുമാന്മാരെ ഹോം ​ഗാർഡുകളാക്കിയതും കോടിയേരി തന്നെ. പുറമെ, തണ്ടർബോൾട്ട് കമാൻഡോകളെയും തീരദേശ പൊലീസും തീരദേശ ജാ​ഗ്രത സമിതികളും കോടിയേരി സ്ഥാപിച്ചു. ശബരിമലയിൽ വിർച്വൽ ക്യൂ ആരംഭിക്കുന്നതും കോടിയേരിയുടെ കാലത്ത്. കോൺസ്റ്റബിൾ എന്നതിന് പകരം സിവിൽ പൊലീസ് ഓഫിസർ എന്ന നല്ല പേര് നൽകിയും പരിഷ്കാരം വരുത്തി.  

ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പൊലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പൊലീസ് സ്റ്റേഷനിലും കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും നൽകി. ട്രാഫിക്ബോധവൽക്കരണത്തിന് പപ്പു സീബ്ര അവതരിപ്പിച്ചതും കോടിയേരിയുടെ കാലത്തെ നേട്ടം. മൊബൈൽഫോൺ എന്നത് സീനിയർ ഉദ്യോ​ഗസ്ഥരുടെ സ്വകാര്യഅഭിമാനമായിരുന്ന 2009ൽ രാജ്യത്ത്. എന്നാൽ, സ്റ്റേഷനു കളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ ഫോൺ നൽകിയതും കോടിയേരിയുടെ കാലത്ത്. രാജ്യത്ത് ആദ്യമായിരുന്നു ഇത്.  

എന്തും സഹിക്കാം, ജനനേന്ദ്രിയം പോയാലെന്തുചെയ്യും, കോടിയേരിയുടെ തമാശ പ്രസംഗങ്ങള്‍!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ