
ആലപ്പുഴ: കരുവന്നൂർ കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ പ്രതികരിച്ചു. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ തടസ്സമില്ല. എംകെ കണ്ണൻ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ താൻ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഴുവൻ സമയവും താൻ പ്രവർത്തിച്ചു. എന്നാൽ പരാതി അന്വേഷിച്ച എളമരം കമ്മീഷൻ താൻ പ്രവർത്തിച്ചില്ലെന്ന് റിപ്പോർട്ടിൽ എഴുതിവച്ചു. ഇതിന് പിന്നിൽ ആരൊക്കെയെന്ന് താൻ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam