ആലപ്പുഴയിൽ മുസ്ലിം ലീഗ് സെമിനാർ: സിപിഎം പ്രതിനിധി ജി സുധാകരൻ അവസാന നിമിഷം തീരുമാനം മാറ്റി, പങ്കെടുത്തില്ല

Published : Jan 13, 2025, 05:08 PM ISTUpdated : Jan 13, 2025, 05:46 PM IST
ആലപ്പുഴയിൽ മുസ്ലിം ലീഗ് സെമിനാർ: സിപിഎം പ്രതിനിധി ജി സുധാകരൻ അവസാന നിമിഷം തീരുമാനം മാറ്റി, പങ്കെടുത്തില്ല

Synopsis

ആലപ്പുഴയിൽ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം ജി സുധാകരൻ പിന്മാറി

ആലപ്പുഴ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം ജി സുധാകരൻ പിന്മാറി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെമിനാറിൽ നിന്നുള്ള പിന്മാറ്റം. പരിപാടിയിൽ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.

സിപിഎം വിലക്കിയാൽ പിന്മാറുന്നയാളല്ല ജി സുധാകരനെന്ന് പറഞ്ഞ് അദ്ദേഹത്തെ പുകഴ്ത്തി പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല രംഗത്ത് വന്നു. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും സുധാകരൻ്റെ മനസ് ഇവിടെയുണ്ട്. ജി സുധാകരനെ മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ യോഗത്തിലും മറ്റ് യോഗങ്ങളിലും സംസാരിക്കാൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ വരണ്ട. പിണറായി വിജയൻ ഹിന്ദു കാർഡ് ഇറക്കുകയാണെന്നും മതേതരത്വം സംരക്ഷിക്കാൻ എന്നും മുന്നിൽ നിൽക്കുന്നത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെ പൂർണമായും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനിടെ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തിൻ്റെ പ്രചാരണ പരിപാടി ഉദ്ഘാടനവും വിവാദമായിരുന്നു. മുസ്ലിം ലീഗ് നേതാക്കളോട് സമ്മതം അറിയിച്ചിരുന്നെങ്കിലും പരിപാടിയിൽ നിന്ന് അവസാന നിമിഷം ജി സുധാകരൻ പിന്മാറുകയായിരുന്നു.

പങ്കെടുക്കാമെന്ന് ജി സുധാകരൻ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. പങ്കെടുക്കരുതെന്ന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം നസീർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ