പാലത്തിൽ വിവാദം കത്തുന്നു, തുടക്കമിട്ട തനിക്ക് ഒരു ക്ഷണക്കത്ത് പോലും തന്നില്ലെന്ന് സുധാകരൻ; 'വേദിയിൽ ഉണ്ടായിരുന്നതിൽ പാലവുമായി ബന്ധം ആരിഫിന് മാത്രം'

Published : Oct 19, 2026, 01:26 PM IST
G Sudhakaran

Synopsis

ഉദ്ഘാടന വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് മുൻ എം എൽ എ എ എം ആരിഫ് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ ആരിഫിന് കഴിഞ്ഞില്ല എന്നും സുധാകരൻ വിവരിച്ചു

ആലപ്പുഴ: മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനത്തിൽ അവഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ രംഗത്ത്. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടന ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 80 കോടി രൂപ അനുവദിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉദ്ഘാടന വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് മുൻ എം എൽ എ എ എം ആരിഫ് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ ആരിഫിന് കഴിഞ്ഞില്ല എന്നും സുധാകരൻ വിവരിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഈ പാലം യാഥാർഥ്യമാക്കിയതിന് പിന്നിലെ കഷ്ടപാടുകൾ എല്ലാം അറിയണമെന്നില്ല. എന്നാൽ ഷാനി മോൾക്ക് അത് നന്നായി അറിയാമായിരുന്നു. എന്നിട്ടും പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു ക്ഷണക്കത്ത് പോലും തനിക്ക് ലഭിച്ചില്ല. അതിൽ ഒരു പരാതിയുമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ജി സുധാകരൻ, പാലം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.

ജി സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് ഉദ്ഘാടനം നടന്ന മാക്കേകടവ് - നേരെകടവ് പാലം ആലപ്പുഴ കോട്ടയം ജില്ലാ നിവാസികൾക്ക് യാത്രാക്ലേശം വലിയ തരത്തിൽ പരിഹരിക്കുന്ന ഒരു ഗംഭീര പാലനിർമ്മാണ പദ്ധതിയാണ്. ഇന്നലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം MLA യും പിന്നെ സംഘാടകർക്ക് താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ചു ഉദ്ഘാടനം ഗംഭീരമായി നടത്തിയത്. പാലത്തോട് ജനങ്ങളുടെ ഇഷ്ടം ആൾക്കൂട്ട വലിപ്പത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതാണ്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോൾ നേരിട്ട് വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തത്. പൂർത്തിയാക്കുമ്പോൾ ഉദ്ഘാടനം ആലപ്പുഴ ഭാഗത്ത് നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ ആലപ്പുഴ ഭാഗത്തെ ഒന്ന് രണ്ട് വീട്ടുകാർ ഒരുകാരണവശാലും അപ്പ്രോച്ച് റോഡ് നിർമ്മിക്കാൻ സ്ഥലം തരില്ല എന്നു വാശിപിടിച്ചു. ബലം പിടിച്ചു മാറ്റേണ്ടതില്ല എന്ന് സർക്കാരും തീരുമാനിച്ചു. അതിനാൽ നിർമ്മാണം നീണ്ടുപോയി. ഏതായാലും പാലം പൂർത്തിയായി ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾനടന്നതായി പത്രത്തിൽ കണ്ടു. വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ അന്ന് MLA ആയിരുന്ന ആരിഫ് ആണ്. യഥാർത്ഥ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത് നടക്കില്ലായിരുന്നു. ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവർക്ക് അറിയില്ല. എന്നാൽ ഷാനി മോൾക്ക് അത് നന്നായി അറിയാം. ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്ത് പോലും ഇന്ന് എം എൽ എ ആയിരിക്കുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് തരാതിരുന്നതിൽ ഒരു പരാതിയുമില്ല. പക്ഷേ എല്ലാം ജനങ്ങൾക്കറിയാം. നൂറുകോടി രൂപയുടെ പെരുമ്പളം പാലം 80 കോടി രൂപയുടെ മാക്കേക്കടവ് - നേരെ കടവ് പാലം, ചേർത്തലയിലെ നെടുമ്പ്രകാട് പാലം തുടങ്ങി 500 പാലങ്ങളാണ് 2016 - 2021 കാലയളവിൽ പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ കേരളത്തിൽ നിർമ്മാണം ആരംഭിച്ചത്. ഇനിയും പൂർത്തീകരിക്കാൻ പാലങ്ങൾ ബാക്കി കിടക്കുന്നു. പാലം സാക്ഷാത്കരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിരന്തരം ഒരാൾ മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ, പിന്നിൽ ആരോ ഉണ്ട്'; അടൂർ പ്രകാശിൻ്റെ വിമർശനം തള്ളി കെ മുരളീധരൻ
മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; മരുന്ന് ക്ഷാമ വിമർശനങ്ങൾക്കിടെ ആരോഗ്യവകുപ്പ് സർക്കുലർ