ആലപ്പുഴ സിപിഎമ്മിലെ 'കുണ്ടും കുഴിയും', ആരിഫിന്‍റെ പരാതിയിൽ ഉന്നം സുധാകരൻ തന്നെ

By Web TeamFirst Published Aug 14, 2021, 1:17 PM IST
Highlights

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ സ്വന്തം ജില്ലയിൽ  നടന്ന ദേശീയ പാതാ പുനർനിർമ്മാണം തന്നെ പാർട്ടിയിലെ എതിർ വിഭാഗം ഉയർത്തുമ്പോൾ ആലപ്പുഴ സിപിഎമ്മിലെ കുണ്ടും കുഴിയും വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ സുധാകരൻ - ആരിഫ് ഭിന്നത ആലപ്പുഴയിൽ പ്രകടമാണ്.

ആലപ്പുഴ/ തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പരാതിയിൽ ജി സുധാകരനെതിരായ സിപിഎം അന്വേഷണം അവസാന ഘട്ടത്തിലെത്തുമ്പോഴാണ് അദ്ദേഹം മന്ത്രിയായ കാലത്തെ പദ്ധതിയിലും ആക്ഷേപങ്ങളുയരുന്നത്. ജി സുധാകരനെ പരസ്യമായി പഴിക്കുന്നില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ റോഡ് വികസനത്തിൽ ആരിഫിന്‍റെ വിമർശനങ്ങൾ ചെന്നുകൊള്ളുന്നത് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയിലേക്ക് തന്നെയാണ്. 

കടുത്ത വിഭാഗീയത ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധിയുണ്ടാക്കുമ്പോഴാണ് ജി സുധാകരനെ വെട്ടിലാക്കുന്ന പുതിയ വിവാദം. കരാറുകാരെയും എഞ്ചിനീയർമാരെയും പഴിച്ചാണ് എ എം ആരിഫ് അരൂർ ചേർത്തല ദേശീയ പാത പുനർനിർമ്മാണത്തിലെ അപാകതകൾ ഉയർത്തുന്നതെങ്കിലും, അന്നത്തെ മന്ത്രിക്ക് മാറിനിൽക്കാൻ ആകുമോ എന്ന ചോദ്യവും പ്രസക്തം. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാൾ എന്ന ഖ്യാതിയാണ് ഇതുവരെ സിപിഎം സുധാകരന് നൽകിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ സ്വന്തം ജില്ലയിൽ  നടന്ന ദേശീയ പാതാ പുനർനിർമ്മാണം തന്നെ പാർട്ടിയിലെ എതിർ വിഭാഗം ഉയർത്തുമ്പോൾ ആലപ്പുഴ സിപിഎമ്മിലെ കുണ്ടും കുഴിയും വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ സുധാകരൻ - ആരിഫ് ഭിന്നത ആലപ്പുഴയിൽ പ്രകടമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുധാകര വിരുദ്ധ വിഭാഗം കരുത്ത് നേടി. അമ്പലപ്പുഴ തെരഞ്ഞെടുപ്പിൽ സുധാകരന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന വിമർശകരിലും പ്രധാനിയാണ് എ എം ആരിഫ്. സുധാകരനെയല്ല കുറ്റപ്പെടുത്തുന്നത് എന്ന് ആരിഫ് പറയുമ്പോഴും എൽഡിഎഫ് ഭരണത്തിലെ വീഴ്ച ഉയർത്തിയുള്ള കത്ത് പ്രതിപക്ഷത്തിനും ആയുധമാവുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!