വിദ്യാർത്ഥിനി സർവകലാശാലയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. വിദ്യാർത്ഥിനിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു.
കാസർകോട് : ആദ്യം പരീക്ഷാ ഫലം വന്നപ്പോൾ 40 ൽ 5 മാർക്ക്. പുനർ മൂല്യനിർണയം നടത്തിയപ്പോൾ 34 മാർക്ക്. കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവെന്ന് ആക്ഷേപം. ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ മൂല്യനിർണയത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. രാജപുരം സെന്റ്പയസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിനി നൗഷിബ നസ്രിനാണ് പരാതിക്കാരി.
പരീക്ഷാ മൂല്യനിർണയത്തിലാണ് 40 ൽ 5 മാർക്ക് ലഭിച്ചത്. പുനർ മൂല്യനിർണയത്തിൽ ഇത് 40 ൽ 34 മാർക്കായി ഉയർന്നു. ഇതോടെ വിദ്യാർത്ഥിനി സർവകലാശാലയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. ബി ബി എ വിദ്യാർത്ഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
വിദ്യാർത്ഥിനിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്നും അന്വേഷണം വേണമെന്നും രാജപുരം സെന്റ് പയസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥിനി പറഞ്ഞു.


