
ചേർത്തല: സി പി എം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ രംഗത്ത്. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാൾക്കും നിലവിലെ സി പി എമ്മിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പാർട്ടിയിപ്പോൾ ബൂർഷ്വാ ദുർഗന്ധമാണ് വമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മ്യൂണിസത്തിന്റെ സുഗന്ധമില്ലാത്ത സി പി എം നേതാക്കൾ സാധാരണക്കാരുടെ വീടുകളിലേക്ക് പോകാറില്ലെന്നും സമ്പന്നരുടെ വീടുകളിലും ഹോട്ടലുകളിലുമാണ് ഭക്ഷണവും താമസവുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആ ശാപ്പാട് കഴിഞ്ഞ് എഴുന്നേൽക്കാൻ കഴിയാത്തവരാണ് ഇപ്പോൾ സി പി എം നേതാക്കൾ. ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്ന പലരും ഇന്നിപ്പോൾ വലിയ സമ്പന്നരായി മാറിയെന്നും സുധാകരൻ പരിഹസിച്ചു. ചേർത്തലയിൽ കെ കെ രമയ്‌ക്കൊപ്പം ആർ എം പി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുവെയാണ് സുധാകരൻ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
പിണറായി വിജയന് മാർക്സിസ്റ്റ് ടെക്നോളജി അറിയില്ലെന്നും പകയും പ്രതികാരവും മാത്രമാണ് അറിയാവുന്നതെന്നും പറഞ്ഞ സുധാകരൻ, പിണറായി വിജയൻ തീക്കള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുറ്റപ്പെടുത്തി. ടി പി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയത് ഏത് കുറ്റത്തിനണെന്നും അദ്ദേഹം ചോദിച്ചു. ഒരു കഠോര ഹൃദയന് മാത്രമേ ഇത്തരമൊരു മൃഗീയ കൊലപാതകത്തെ ന്യായീകരിക്കാൻ സാധിക്കൂ എന്നും സുധാകരൻ കൂട്ടിച്ചേർത്തു. സീസറിനെ പുറകിൽ നിന്ന് കുത്തിയതുപോലെ ഭ്രാന്തമായ മനോഭാവമാണ് ചിലർക്ക്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സാംസ്കാരിക കേരളം മറക്കില്ല. ഇക്കാര്യത്തിൽ ഇന്ന് വരെ സി പി എം മാപ്പ് പറഞ്ഞില്ലെന്നും പിണറായി അന്വേഷണം നടത്തിയില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം താൻ സി പി എമ്മിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വർഷങ്ങളോളം പ്രവർത്തിച്ച പ്രസ്ഥാനമായതിനാൽ പിണറായിയെ അസഭ്യം പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്നാൽ സ്വയം അസഭ്യം പറയിക്കുന്ന രീതിയിലാണ് പിണറായിയുടെ പോക്കെന്നും സുധാകരൻ പറഞ്ഞുവിജയരാഘവൻ, ചന്ദ്രബാബു തുടങ്ങിയ നേതാക്കളുടെ നിലപാടുകളെയും സ്വത്തുക്കളെയും ചോദ്യം ചെയ്ത അദ്ദേഹം, പാർട്ടി അംഗങ്ങളുടെ സ്വത്ത് പരിശോധന വെറും പ്രഹസനമാണെന്നും വിമർശിച്ചു. വിജയരാഘവന് പി ബിയിൽ എത്താമായിരുന്നുവെങ്കിൽ തനിക്കും എത്താമായിരുന്നുവെന്നും താൻ പാർട്ടി സെക്രട്ടറിയേറ്റിൽ സ്ഥാനം വേണ്ടെന്ന് വെച്ചയാളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയരാഘവനും പിണറായി വിജയനും എം വി ഗോവിന്ദനും തലകുത്തി നിന്നിട്ടും താൻ 28,000 വോട്ടിന് വിജയിച്ചത് സാധാരണക്കാരായ മനുഷ്യരുടെ പിൻബലത്തിലാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ച 28000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കുത്തക മുതലാളിയും ജൻമിയും അമേരിക്കൻ ചാരനുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam