കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിൽ സന്തോഷം; ഓമനക്കുട്ടനെ ഫോണിൽ വിളിച്ചെന്ന് ജി സുധാകരൻ

By Web TeamFirst Published Aug 17, 2019, 1:49 PM IST
Highlights

മനസില്ലാ മനസോടെയാണ് ഓമനക്കുട്ടനെതിരെ നടപടി എടുത്തത്. ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിലും സൗകര്യം ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്ന് ജി സുധാകരൻ.

ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം പ്രാദേശിക നേതാവ് പണപ്പിരിവ് നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി ജിസുധാകരൻ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുത്തിട്ടില്ല. ആഹാരവും വൈദ്യുതിയും ഏര്‍പ്പാട് ചെയ്യാത്തതിനും ക്യാമ്പിൽ നിന്ന് നേരത്തെ പോയതിനും  നടപടി വേണം . നടപടി എടുക്കുമെന്ന് റവന്യു വകുപ്പ് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജി സുധാകരൻ അറിയിച്ചു. 

ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഓമനക്കുട്ടന് പണം പിരിക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നെന്നും മന്ത്രി  ഓര്‍മ്മിപ്പിച്ചു. എന്നാൽ പാര്‍ട്ടി പ്രവര്‍ത്തകൻ എന്ന നിലയിൽ പണം പിരിച്ചത് തെറ്റുതന്നെയാണ്. ക്യാമ്പിലെ അസൗകര്യങ്ങളെ കുറിച്ച് അധികൃതരേയോ പാര്‍ട്ടി നേതൃത്വത്തെയോ ഓമനക്കുട്ടന് അറിയിക്കാമായിരുന്നു എന്നും ജി സുധാകരൻ പറഞ്ഞു.

പാര്‍ട്ടിയും സര്‍ക്കാരും ആരോപണത്തിന്‍റെ നിഴലിൽ നിന്ന ഒരു ദിവസം കടന്ന് പോകുമ്പോൾ ഓമനക്കുട്ടൻ തെറ്റുകാരനല്ലെന്ന് അംഗീകരിക്കപ്പെടുന്നതിൽ വലിയ സന്തോഷമുണ്ട്. അക്കാര്യം ഓമനക്കുട്ടനെ ഫോണിൽ വിളിച്ചും അറിയിച്ചെന്ന് ജി സുധാകരൻ പറഞ്ഞു, 

തുടര്‍ന്നു വായിക്കാം : ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: ഓമനക്കുട്ടനെതിരായ കേസ് പിൻവലിക്കും, മാപ്പു ചോദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി

click me!