
ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. അതേസമയം ജി സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതം തോന്നി എന്ന് 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 36 വർഷം മുൻപത്തെ സംഭവമായതിനാൽ തെളിവുകൾ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പോലിസ് കരുതുന്നത്. അതിനാൽ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
പോസ്റ്റൽ ബാലറ്റുകൾ 1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി സുധാകരൻ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ തിരുത്തി. വിവാദ പരാമർശം തിരുത്തിയാണ് അമ്പലപ്പുഴ തഹസിൽദാർക്കും മൊഴി നൽകിയത്. എന്നാൽ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനിൽക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ തുടരുമെന്നാണ് സൂചന.
ഇതിനിടെ 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ജി സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റൽ വോട്ടുകൾ തിരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ജി സുധാകരന്റെ പ്രസ്താവന ശ്രദ്ധയിൽ പ്പെട്ടതെന്നും കെവി ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കെ വി ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട് അന്ന് തോൽക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam