ഗഡ്കരിയുടെ താക്കീത് ഫലം കണ്ടു: ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്‍റെ അംഗീകാരം

By Web TeamFirst Published Oct 1, 2019, 10:29 PM IST
Highlights

കേരളത്തിലെ ദേശീയപാതാ വികസനത്തിന് ഒടുവില്‍ വഴിയൊരുങ്ങുന്നു. ഭൂമിയേറ്റെടുക്കാനുള്ള ചിലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കും. കരാറില്‍ ഒന്‍പതാം തീയതി ഒപ്പിടും

ദില്ലി: കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചിലിവന്‍റെ 25 ശതമാനം വഹിക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അംഗീകരിച്ചത്.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്രം കേരളത്തിന് കത്ത് വൈകുന്നേരത്തോടെ കത്ത് കൈമാറി. ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്.  ഈ മാസം ഒന്‍പതിന് കരാറില്‍ ഒപ്പിടാനാണ് നിലവിലെ ധാരണ. 

കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിതിന്‍ ഗഡ്‍കരി നേരത്തെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ഇന്ന് നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പടുത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധികളുടെ സംഘത്തിന് മുന്നില്‍ വച്ച് കടുത്ത ഭാഷയില്‍ നിതിന്‍ ഗഡ്‍കരി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. 

ഉടൻ ഉത്തരവ് ഇറക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ഗഡ്കരി താക്കീത് നല്‍കി. ഇതേ ആവശ്യമുന്നയിച്ച്  മുഖ്യമന്ത്രിയെ വീണ്ടും വരുത്തിയതിൽ ലജ്ജിക്കുന്നു. ഉദ്യോഗസ്ഥരുടെ അഴിമതി തനിക്കറിയാം. ബുൾഡോസർ കയറ്റിയിറക്കിയാലേ ഉദ്യോഗസഥർ പഠിക്കുകയുള്ളോ എന്നും ക്ഷുഭിതനായി ഗഡ്കരി ഉദ്യോഗസ്ഥരോട് ചോദിച്ചു.
 

click me!