
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് 13 പേര്‍ക്ക് പരിക്ക്. വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ യുവാക്കള്‍ കടല്‍പാലത്തിന് മുകളില്‍ കയറി. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നുവെന്നാണ് വിവരം.
ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീച്ച് ഫയര്‍ഫോഴ്‌സും ടൗണ്‍പൊലിസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ജെ.സി.ബി കൊണ്ടുവന്ന് സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടവിവരമറിഞ്ഞ് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ എസ്.സാംബശിവ റാവു എന്നിവര്‍ സ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam