
ആലപ്പുഴ: ഗാനമേളക്കിടെ വിപ്ലവ ഗാനം പാടാത്തതിന് സിപിഎം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ രംഗത്ത്. ആർ എസ് എസിൻ്റ ഗണഗീതം പാടിയത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ട പ്രകാരമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭാരവാഹികൾ ആർഎസ്എസ് പ്രവർത്തകരാണ്. ഗാനമേളക്ക് മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.
സംഘാടകരുടെ ആവശ്യം നടപ്പാക്കേണ്ടത് ട്രൂപ്പിൻ്റെ ഉത്തരവാദിത്തമാണ്. പാട്ട് കഴിഞ്ഞയുടൻ സി പി എം പ്രവർത്തകർ സ്റ്റേജിലേക്ക് ഇരച്ചു കയറി. സംഘാടകരുമായി സംഘർഷമായി. ഗാനമേള അവസാനിപ്പിച്ചതോടെ ഇവർ കർട്ടൻ വലിച്ചു കീറിയെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് വിപ്ലവഗാനം പാടാത്തതിൽ ബഹളം ഉണ്ടായത്. പ്രാദേശിക സിപിഎംപ്രവർത്തകരാണ് ബലികുടീരങ്ങളെ എന്ന് തുടങ്ങുന്ന പാട്ട് പാടണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചത്.
ഗാനമേള സംഘം ആർ എസ് എസ് ഗണഗീതം പാടിയതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ വിപ്ലവ ഗാനം പാടാൻ ആവശ്യപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി തിരുവല്ല പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.