നിരക്ക് കുറച്ചുള്ള പരീക്ഷണം വിജയം: ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോയിൽ വൻതിരക്ക്

By Asianet MalayalamFirst Published Oct 3, 2021, 12:28 PM IST
Highlights

സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 24000 ആളുകളാണ് കൊച്ചി മെട്രോയിൽ കയറാറുള്ളതെങ്കിൽ നിരക്കിൽ ഇളവ് നൽകിയപ്പോഴത് ഉയർന്ന് 30000- ആയി. 

കൊച്ചി: ടിക്കറ്റ് നിരക്ക് കുറച്ചുള്ള കൊച്ചി മെട്രോയുടെ (kochi metro) പരീക്ഷണം വിജയം. യാത്രക്കാർക്ക് നിരക്കിന്റെ 50 % തിരിച്ചുനൽകിയതോടെ ഗാന്ധി ജയന്തി (gandhi jayanthi) ദിനത്തിൽ മെട്രോയിൽ കയറാനുണ്ടായത് വൻ തിരക്ക്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദ‌ർശനം കാണാനും നിരവധി ആളുകളെത്തി.

സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 24000 ആളുകളാണ് കൊച്ചി മെട്രോയിൽ കയറാറുള്ളതെങ്കിൽ നിരക്കിൽ ഇളവ് നൽകിയപ്പോഴത് ഉയർന്ന് 30000- ആയി. കുറഞ്ഞ നിരക്കിൽ കയറാനാളുണ്ടാകുമെന്നത് തെളിയിച്ച് അധികമായി കയറിയത് 6000 പേർ. കേരളപ്പിറവി ദിനത്തിലും സമാന ഇളവ് നൽകാൻ മെട്രോ തീരുമാനിച്ചിട്ടുണ്ട്.

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാഴ്വസ്തുക്കളുപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും ആളുകളെയാകർഷിക്കാൻ മെട്രോയിലൊരുക്കിയിരുന്നു. ഇ മാലിന്യങ്ങൾ മനോഹരമായ ചിത്രങ്ങളും പിന്നെ മെസിയും റൊണാൾഡോയുമായൊക്കെ രൂപാന്തരം പ്രാപിച്ചപ്പോൾ അതെല്ലാം കാണാനും പലതും വാങ്ങിക്കൊണ്ടു പോകാനും ആളുകൾ തയ്യാറായി. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മെട്രോയിൽ സഞ്ചരിക്കാൻ സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും മെട്രോ തുടങ്ങിയിട്ടുണ്ട്

click me!