കോടികളുടെ ആസ്തി, ബാലകൃഷ്ണപിള്ളയുടെ സ്വത്തിൽ മക്കളുടെ തർക്കം, ചർച്ച പരാജയം; ഇനിയെല്ലാം കോടതി തീരുമാനിക്കും

Published : Apr 21, 2022, 06:43 PM IST
കോടികളുടെ ആസ്തി, ബാലകൃഷ്ണപിള്ളയുടെ സ്വത്തിൽ മക്കളുടെ തർക്കം, ചർച്ച പരാജയം; ഇനിയെല്ലാം കോടതി തീരുമാനിക്കും

Synopsis

ആർ ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷ മോഹൻദാസാണ് കേസുമായി കോടതിയിലെത്തിയത്. ബിന്ദു ബാലകൃഷ്ണൻ, കെ ബി ഗണേശ്‌കുമാർ എം എൽ എ എന്നിവരാണു കേസിലെ എതിർകക്ഷികൾ

കൊല്ലം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്തിന്മേലുള്ള മക്കളുടെ തർക്കം തുടരുന്നു. സ്വത്ത് തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം പല തവണ ചർച്ച നടന്നെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. ഏറ്റവും ഒടുവിൽ ഇന്നലെ നടന്ന മധ്യസ്ഥ ചർച്ചയും അലസി പിരിയുകയായിരുന്നു. പിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്ന ആവശ്യത്തിലാണ് മൂത്തമകൾ ഉഷ മോഹൻദാസ്. എന്നാൽ ഇത് അംഗീകരിക്കാൻ കെ ബി ഗണേശ്‌കുമാർ എം എൽ എ, ബിന്ദു ബാലകൃഷ്ണൻ എന്നീ മക്കൾ തയ്യാറല്ല. സമവായ ചർച്ച അലസി പിരിഞ്ഞതോടെ ഇനി പിള്ളയുടെ സ്വത്തിന്‍റെ കാര്യത്തിൽ കോടതി തീരുമാനമാകും നിർണായകം.

സമവായ ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആർ ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷ മോഹൻദാസാണ് കേസുമായി കോടതിയിലെത്തിയത്. ബിന്ദു ബാലകൃഷ്ണൻ, കെ ബി ഗണേശ്‌കുമാർ എം എൽ എ എന്നിവരാണു കേസിലെ എതിർകക്ഷികൾ. ഇക്കഴിഞ്ഞ ആറാം തിയതിയും മധ്യസ്ഥ ചർച്ച നടന്നിരുന്നു. അന്നാണ് ഉഷ സ്വത്തിന്‍റെ മൂന്നിലൊരു ഭാഗം വേണമെന്ന് വ്യക്തമാക്കിയത്. ഉഷയുടെ ആവശ്യത്തോട് പ്രതികരിക്കാൻ സമയം വേണമെന്ന് ഗണേശ്‌കുമാർ അറിയിച്ചതോടെയാണ് ഇന്നലെ വീണ്ടും ചർച്ച നടത്തിയത്. എന്നാൽ ഉഷയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഗണേഷ് ഇന്നലെ വ്യക്തമാക്കി.

ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്ന പരാതിയടക്കം ഉഷ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ എൻ സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും. പിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും ഉഷ കോടതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. 33 വസ്തു വകകളുടെ പൂർണ വിവരങ്ങളടക്കമുള്ള സത്യവാങ്മൂലവും ഉഷ കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. മൂന്ന് മക്കൾക്കും തുല്യ അവകാശമാണ് പിള്ളയുടെ സ്വത്തിന്മേലുള്ളതെന്നും അതുകൊണ്ടുതന്നെ മൂന്നിലൊരു ഭാഗം കിട്ടണണെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗണേഷ്കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയിട്ടില്ല; ആരോപണം നിഷേധിച്ച് സാക്ഷി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?