പത്തനാപുരത്ത് 6ാം തവണയും ​ഗണേഷ് കുമാർ തന്നെയിറങ്ങും; ജ്യോതികുമാർ ചാമക്കാല എതിരാളിയാകും

Published : Jan 19, 2026, 01:03 PM IST
ganesh kumar pathanapuram

Synopsis

കഴിഞ്ഞ തവണ തോറ്റെങ്കിലും വീടെടുത്ത് മണ്ഡലത്തില്  സ്ഥിരം സാന്നിദ്ധ്യമായി മാറിയ  ജ്യോതി കുമാർ ചാമക്കാല തന്നെയാകും ഇത്തവണയും ഗണേഷ് കുമാറിനെതിരെ മല്‍സരിക്കുന്നത്.

പത്തനാപുരം: പത്തനാപുരത്ത് ആറാം തവണയും പോരിനിറങ്ങുന്ന മന്ത്രി ഗണേഷ് കുമാറിന് ഇത്തവണ കാര്യങ്ങൾ  അത്ര എളുപ്പമാകില്ലെന്നാണ് മണ്ഡലത്തിലെ രാഷ്ട്രീയം നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ തവണ തോറ്റെങ്കിലും വീടെടുത്ത് മണ്ഡലത്തില്  സ്ഥിരം സാന്നിദ്ധ്യമായി മാറിയ  ജ്യോതി കുമാർ ചാമക്കാല തന്നെയാകും ഇത്തവണയും ഗണേഷ് കുമാറിനെതിരെ മല്‍സരിക്കുന്നത്. സ്ഥിരമായി ഒരു എതിരാളി ഇല്ലാത്തതാണ് ഗണേഷിന് ഗുണം ചെയ്യുന്ന ഒരു ഘടകമെന്ന വിലയിരുത്തലും ഇതോടെ ഇല്ലാതാകുകയാണ്.

ആനപ്പട്ടണം  എന്നായിരുന്നു ഈ നാടിന്‍റെ ആദ്യ പേര്. കാട്ടാനകളെ ചട്ടം പഠിപ്പിക്കുന്ന കേന്ദ്രം സമ്മാനിച്ച പ്രശസ്തി. പിന്നീട് എപ്പോഴോ പത്താനപുരവും പിന്നെ പത്തനാപുരവും ആയെന്ന് പഴമക്കാർ പറയുന്നു. കല്ലുംകടവ് ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞാൽ സിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് കാണാം. മത്സരിച്ച 13 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയിച്ച സിപിഐ ഇപ്പോൾ മെലിഞ്ഞുണങ്ങി ചിത്രത്തിലേ ഇല്ലാതായി. 2001 ല്‍ പ്രകാശ് ബാബുവിൽ നിന്ന് ഗണേഷ് കുമാർ മണ്ഡലം തട്ടിയെടുക്കുമ്പോൾ നെഞ്ചുപൊട്ടി നില്‍ക്കുകയായിരുന്നു സിപിഐ പ്രവര്‍ത്തകർ. പിന്നീടങ്ങോട്ട് കണ്ടത് ഗണേഷ് കുമാറിന്‍റെ ജൈത്രയാത്രകൾ. ഒന്നല്ല, അഞ്ച് വിജയങ്ങള്‍. ഇതിനിടയിൽ ഗണേഷ് മുന്നണി തന്നെ മാറി, എതിരാളികൾ ഓരോ തവണയും മാറിമാറി വന്നു.

വെള്ളിത്തിരയിലെ താരങ്ങൾ പത്തനാപുരത്തെ മണ്ണിലിറങ്ങുന്നത് കണ്ടത് 2016ലാണ്. എതിരാളികളായി ജഗദീഷും ഭീമൻ രഘുവും. പ്രചാരണത്തിന് മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യ മാധവനെയും ഒക്കെ ഇറക്കി ഗണേശ്  മുന്നോട്ട് തന്നെ. കഴിഞ്ഞ തവണത്തെ എതിരാളി ഗണേശിന്‍റെ നിത്യവിമര്‍ശകനായ ജോതികുമാർ ചാമക്കാല. പതിനാലായിരത്തിൽപരം വോട്ടിനെ തോറ്റെങ്കിലും അങ്ങനെ എളുപ്പം വിട്ടുകൊടുക്കാനില്ല. മണ്ഡലത്തിൽ വീടെടുത്ത് സ്ഥിരം താമസമായി ചാമക്കാല. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും രാവും പകലും സജീവം. ചാമക്കാലയല്ലാതെ  മറ്റൊരാളെ വെയ്ക്കാനില്ല യുഡിഎഫിന്. പക്ഷെ ഇതൊക്കെ പറഞ്ഞ് വിരട്ടണ്ടയെന്ന്  ഗണേഷ് കുമാർ.

തദ്ദേശതെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിലാണ് ചാമക്കാലയുടെ കണ്ണ്. എട്ടു പഞ്ചായത്തുകളിൽ ഒരെണ്ണംമാത്രം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ നേടിയത് ആറെണ്ണം. 20 ബ്ലോക്ക് ഡിവിഷനുകളിൽ 16 എണ്ണം. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ടെണ്ണവും. കേരള കോണ്‍ഗ്രസിന് ആകെയുളളത് 5 വാര്‍ഡുകളാണ്. കേരള രാഷ്ട്രീയത്തിലെ കുലപതികളായ ഉമ്മന്‍ ചാണ്ടിയുടെയും വിഎസിന്റെയും ആർ ബാലകൃഷ്ണപിള്ളയുടെയും മരണ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കാനായി  ഗണേശ് കുമാർ നടത്തിയ  ചെയ്തികൾ പ്രചാരണ രംഗത്ത് സജീവ ചര്‍ച്ച വിഷയമാക്കി, പ്രവര്‍ത്തകരുടെ  വികാരം  ഇളക്കി വിടാനാണ് യുഡിഎഫ് ശ്രമം. കണക്കുകൾ എന്തെല്ലാം പറഞ്ഞാലും ഗണേശനെന്ന കൊമ്പനെ  ചാമക്കാല തോട്ടിമുനയിൽ തളയ്ക്കുമോ എന്ന് കാത്തിരുന്ന കാണാം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെറുവള്ളി എസ്റ്റേറ്റ്: പാലാ കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജൻ; 'നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഉന്നയിക്കപ്പെട്ടത്'
'ശരീരത്തിൽ തൊടുമ്പോൾ പെരുമാറ്റത്തിൽ അത്‌ പ്രകടമാകും, പക്ഷെ...', ബസിലെ ലൈംഗിക അതിക്രമ വീഡിയോ വിവാദത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി