
കൊച്ചി: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിലെ സൈബർ വിചാരണയ്ക്കെതിരെ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണെന്നും വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ വന്ന് അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അവർ ആരോപിച്ചു.
വീഡിയോ എടുത്തവളല്ലേ പ്രതികരിക്കേണ്ടത്? ബസ് യാത്രയിൽ സ്ത്രീകൾ നേരിടുന്ന തോണ്ടലും മുട്ടലും വലിയ സങ്കടമാണെന്നും, എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം എന്താണ് പ്രതികരിക്കാൻ കാണിക്കാഞ്ഞതെന്ന് അവർ ചോദിക്കുന്നു. ഒരാൾ നമുക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ അത് പ്രകടമാകും. എന്നാൽ ഈ വീഡിയോയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് ഉദ്ദേശിച്ചത് എന്നും ഭാഗ്യലക്ഷ്മി കുറിപ്പിൽ ചോദിച്ചു.
മൂഹ മാധ്യമങ്ങളിലെ ജഡ്ജിമാർ വൈറലാകാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചിലർക്കൊപ്പം സോഷ്യൽ മീഡിയയും ചേരുന്നതാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. അയാൾ മരിച്ചില്ലായിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. നിശബ്ദമായി പോയ ഒരു ജീവൻ വ്യക്തമായ ചോദ്യങ്ങളോ മറുപടിയോ പറയാൻ ദീപക്കിന് അവസരം നൽകാതെയാണ് സോഷ്യൽ മീഡിയ വിധി പ്രസ്താവിച്ചത്. ആ വ്യാപകമായ സൈബർ ആക്രമണം താങ്ങാനാവാതെയാണ് അയാൾ ജീവനൊടുക്കിയത്. അതുകൊണ്ട് തന്നെ വീഡിയോ പങ്കുവെച്ച യുവതിക്കും താഴെ വന്ന് തെറിവിളിച്ചവർക്കും ഈ മരണത്തിൽ പങ്കുണ്ടെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലെ പയ്യന്നൂരിലേക്ക് ബസിൽ യാത്ര ചെയ്യവേ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് യുവതി ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വ്യാപകമായി പ്രചരിച്ചു. പിന്നാലെ വന്ന സൈബർ അധിക്ഷേപങ്ങളിൽ മനംനൊന്ത് ദീപക്കിനെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞതിന് ശേഷമായിരുന്നു ദീപക്കിന്റെ മരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam