'വേളി കായലില്‍ ഉപേക്ഷിച്ചു, ടീ ഷര്‍ട്ട് കണ്ടെത്താനായില്ല', ജിതിനെ അടുത്തമാസം 6 വരെ റിമാന്‍റ് ചെയ്തു

By Web TeamFirst Published Sep 26, 2022, 4:51 PM IST
Highlights

ടീ ഷര്‍ട്ട് കണ്ടെത്താനായില്ലെന്നും വേളി കായലില്‍ പ്രതി ഇത് ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമിക്കുമ്പോള്‍ പ്രതിയായ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്ന് ക്രൈം ബ്രാഞ്ച്. സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷ‍ർട്ട് വാങ്ങിയ കടയിലും പ്രതിയെ കൊണ്ടുപോയി. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. ജിതിൻ ഉപയോഗിച്ച ടീ ഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നി കണ്ടെത്തുന്നതിന് വേണ്ടിയാണ് നാല് ദിവസത്തെ കസ്റ്റഡയിൽ വാങ്ങിയത്.

പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്. എന്നാല്‍ എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നില്ല.  ജിതിൻ ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് വിവരം ലഭിച്ചതായി പറയുന്ന പൊലീസ് തൊണ്ടി മുതൽ ഇതുവരെയും എടുത്തിട്ടില്ല. ചില നടപടി ക്രമങ്ങള്‍ കൂടി കഴിയാനുണ്ടെന്നാണ് വിശദീകരണം.

ഇന്ന് പുലർച്ചെ  പൊലീസ് വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ പ്രതിയുമായെത്തിയാണ് തെളിവെടുപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ എകെജി സെന്‍ററിന്‍റെ സുരക്ഷാ ഡ്യൂട്ടി ചെയ്യുന്ന കൻോണ്‍മെൻ് പൊലീസിനെ പോലും അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്.

കോടതിയിൽ ഹാജരാക്കിയ ജിതിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ഉത്തരവെഴുതിയ ശേഷം തനിക്ക് കോടതിയിൽ പരാതി അറിയിക്കാനുണ്ടെന്ന് ജിതിൻ പറഞ്ഞു. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നായിരുന്നു കോടതി ചോദ്യം. നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയിൽ  അറിയിക്കാമെന്ന് ജിതിന്‍റെ അഭിഭാഷകൻ പറഞ്ഞു.   അതേസമയം ഗൂഡാലോചനയിൽ പങ്കെടുത്തതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, സ്കൂട്ടർ എത്തിച്ച കുളത്തൂരിലെ പ്രാദേശിക വനിതാ പ്രവർത്തകയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

 

click me!