
കോഴിക്കോട്: എസ്എംഎ രോഗം ബാധിച്ച രണ്ടു വയസ്സുകാരി ഗൗരിലക്ഷ്മിക്ക് അമേരിക്കയിൽ നിന്ന് എത്തിച്ച മരുന്ന് നൽകി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പൊൾ. ഭക്ഷണം കഴിച്ചും കളിചിരികളും ആയി കുട്ടി ആരോഗ്യവതിയാണ്. ഒൻപത് കോടിയിലധികം രൂപ മുടക്കിയാണ് മരുന്ന് എത്തിച്ചത്.
ആറുമാസത്തിനുള്ളിൽ ഫലം കണ്ടു തുടങ്ങും എന്നാണ് ഡോക്ടർമാർ പറയുന്നത്. നിരീക്ഷണവും പരിചരണവും ഒക്കെ ആവശ്യമുള്ളതിനാൽ ആശുപത്രിക്ക് സമീപത്തായി വാടകവീട്ടിൽ കുറച്ചു നാൾ കൂടി താമസിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും ചികിത്സ കമ്മിറ്റിയാണ് വലിയ തുക സമാഹരിച്ച് എടുത്തത്.
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊർണൂർ സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബം കോഴിക്കോടെത്തിയിരുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള മരുന്ന് യുഎസ് കമ്പനിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെ കുട്ടിയെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read more: ‘3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്’; ദേശീയ ബാലാവകാശ കമ്മീഷൻ
9.25 കോടി രൂപ നൽകിയാണ് ചികിത്സ സഹായ സമിതി മരുന്നിന് ഓർഡർ നൽകിയത്. സുമനസുകളുടെ സഹായത്തോടെ 13 കോടി 15 ലക്ഷം രൂപയാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇതുവരെ സമാഹരിച്ചത്. 16.5 കോടി രൂപയാണ് ചികിത്സയ്ക്ക് ആകെ വേണ്ടത്. ഇനി ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സ കമ്മിറ്റി.
Read more: സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം തുടങ്ങി
പ്രവാസി വ്യവസായി എം എ യൂസഫലി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപയുടെ സഹായം നൽകിയിരുന്നു. പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന 40 ബസുകൾ തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് വേണ്ടി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam