
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണ്.അക്രമത്തിന് പിന്നില്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ കറുത്തകരങ്ങളുണ്ട്.ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ പോലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല.അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അക്രമത്തിന് നിര്‍ദ്ദേശം നല്‍കിയ ശേഷം സിപിഎം ഇപ്പോള്‍ എസ്എഫ്‌ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള സ്വാഭാവിക നടപടിയും മാത്രമാണ്.സിപിഎം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കുറ്റക്കാര്‍ക്കെതിരായ നിലവിലെ പോലീസ് നടപടി. പ്രതിപട്ടികയിലുള്ളവരെ രക്ഷിക്കാന്‍ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് സിപിഎം അക്രമത്തെ അപലപിക്കുന്നത്. ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ പാരമ്പര്യമാണ്.ഓഫീസ് തല്ലിപൊളിച്ചപ്പോള്‍ കാഴ്ച്ചക്കാരായി നിന്ന് അക്രമികള്‍ക്ക് സംരക്ഷണം ഒരുക്കിയ പോലീസിന്റെ ഭാഗത്ത് നിന്ന് നിഷ്പക്ഷ അന്വേഷണം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
സംഘപരിവാറിൻ്റെ കണ്ണിലെ കരടായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ബിജെപിയുടെ പ്രീതി സമ്പാദിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. കറന്‍സി കടത്തലില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തില്‍ ഈ അക്രമത്തിലൂടെ രാഷ്ട്രീയ നേട്ടം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആണെന്ന് പകല്‍പോലെ വ്യക്തമാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊതുജനത്തിന് ബോധ്യമായി. ഉചിതമായ നടപടി സ്വീകരിക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍സോണിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുന്നതിലും സര്‍ക്കാരിന് രണ്ട് പക്ഷമാണ്. നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് പോലുമില്ല.കര്‍ഷകരുടെയും മലയോര പ്രദേശവാസികളുടെയും ആശങ്ക പരിഗണിക്കാതെയാണ് എല്‍ഡിഎഫ് മന്ത്രിസഭ ബഫര്‍സോണിന് അനുകൂല തീരുമാനം എടുത്തത്.ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇടപെടലുകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് അവരുടെ ദുരിതത്തെ സിപിഎം ചൂഷണം ചെയ്യുകയാണെന്നും സുധാകരന്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയും ഇ പി ജയരാജനും നടത്തിയ ഗൂഡാലോചനയാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസ്സൻ ആരോപിച്ചു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി.മുഖ്യമന്ത്രിയെ എന്തുകൊണ്ടു ചോദ്യം ചെയ്യുന്നില്ലെന്നും യുഡിഎഫ് കണ്‍വീനർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. സിപിഎം-ബിജെപി കൂട്ടകെട്ടിൻെറ ഭാഗമാണ് ആക്രണമമെന്നും ഹസ്സൻ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകർ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കാസർകോട് കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് പരിസരത്തു റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. തിരുവല്ലയിൽ റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത്
കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. അഗളിയിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ്പ്ര വർത്തകർ എസ്എഫ്ഐയുടെ കൊടി നശിപ്പിച്ചു. കണ്ണൂരിൽ കാൽറ്റെക്സ് റോഡിൽ യൂത്ത്കോൺഗ്രസ്
ഉപരോധ സമരം നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam