മലയാളം വിലക്കിയ വിവാദ സർക്കുലർ പിൻവലിച്ച് ജി.ബി പന്ത് ആശുപത്രി

By Web TeamFirst Published Jun 6, 2021, 11:11 AM IST
Highlights

ദില്ലി ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്ന സർക്കുലറിനെതിരെയായിരുന്നു പ്രതിഷേധം


ദില്ലി: ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കി ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. സർക്കുലറിനെതിരെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സ‍ർക്കുലർ റദ്ദാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ കേരള സർക്കാർ നേരിട്ട് ദില്ലി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ദില്ലി ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ‍ർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിം​ഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. 

ദില്ലി ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്ന സർക്കുലറിനെതിരെയായിരുന്നു പ്രതിഷേധം. ജോലി സമയത്ത് മലയാളം പല നഴ്സുമാരും ഉപയോഗിക്കുന്നത് ആശയ വിനിമയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചെന്നും ഇതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നാണ് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. 

സർക്കുലറിനെതിരെ മലയാളി നഴ്സുമാർ രംഗത്തെത്തി. മാതൃഭാഷയിൽ പരസ്പരം സംസാരിക്കരുതെന്ന സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റർ പ്രചാരണത്തിനും തുടക്കമിട്ടു. 

ആശുപത്രിയിലെ മറ്റു സംസ്ഥാനങ്ങളിലെ നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. അതെ സമയം ആശുപത്രി അധികൃതരുടെ അനുവാദത്തോടെയല്ല ഉത്തരവെന്നും സർക്കുലർ സംബന്ധിച്ച് തിങ്കാളാഴ്ച്ച യോഗം വിളിക്കുമെന്നും ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.  സർക്കുലർ അത്ഭുതകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. ശശി തരൂർ, ജയറാം രമേശ് എന്നിവരും സർക്കുലറിനെതിരെ രംഗത്തെത്തി. 

click me!